കുറുപ്പന്തറ: കുറുപ്പന്തറ കല്ലറ മേഖലകളിലെ ഗ്രാമീണ റോഡുകൾ തകർന്നതോടെ യാത്രാദുരിതം രൂക്ഷമായി. പല റോഡുകളിലും വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. മുട്ടുചിറ എഴുമാംതുരുത്ത്, മുട്ടുചിറ മള്ളിയൂർ, കുറുപ്പന്തറ കല്ലറ, മള്ളിയൂർ മാഞ്ഞൂർ, കല്ലറ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളെല്ലാം പൂർണമായി തകർന്ന നിലയിലാണ്. കുറുപ്പന്തറ കടവിലും മാൻവെട്ടം കവലയിലും കല്ലറ ചന്തക്കവലയിലും വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് വലിയ ഭീഷണി ഉയർത്തുന്നു. മഴ ശക്തമായതോടെ വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങൾ പതിവായി. മഴയിൽ വെള്ളക്കെട്ട് കൂടി രൂപപ്പെടുന്നതോടെ കുഴിയറിയാതെ ഇരുചക്ര വാഹങ്ങൾ ഇതിൽ വീഴുകയാണ്. ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കല്ലറയിൽ സ്ഥിതി ഗുരുതരമാണ്. കോട്ടയം മെഡിക്കൽ കോളേജ്, ഇ.എസ്.ഐ, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്ക് ഒട്ടേറെ യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. പെരുംന്തുരുത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.