പാലാ: പാലായുടെ വികസനത്തിന് കേരളാ കോൺഗ്രസ് എം തടസം സൃഷ്ടിക്കുകയാണെന്ന് മാണി സി കാപ്പൻ എം.എൽ.എ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എം.എൽ.എ എന്ന നിലയിൽ താൻ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ചിലർ ചെയ്യുന്നതെന്ന് വികസന പ്രവർത്തനങ്ങളുടെ രേഖകൾ നിരത്തി എം.എൽ.എ ചൂണ്ടിക്കാട്ടി. പാലായുടെ മുൻ എം.എൽ.എ എന്ന നിലയിൽ കെ.എം മാണി ആദരവ് അർഹിക്കുന്ന ആളാണ്. എന്നാൽ പാലായിൽ എന്തിനും ഏതിനും കെ എം മാണിയുടെ മാത്രം പേര് നൽകുന്നത് ശരിയാണോ എന്നു ജനം വിലയിരുത്തണം. പാലായുടെ മുൻ ചെയർമാനും എം.പി യും എം.എൽ.എയുമായിരുന്ന തന്റെ പിതാവിന്റെ പേരിലുള്ള സ്റ്റേഡിയത്തിലെ ട്രാക്കിന് വരെ കെ എം മാണിയുടെ പേരാണ് നൽകിയിരിക്കുന്നത്.
പാലായുടെ വികസനത്തിനാണ് താൻ മുൻഗണന നൽകുന്നത്. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന നിലപാടിൽ മാറ്റമില്ല. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനി, കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.