വാഴൂർ ഈസ്റ്റ് : സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പത്തൊമ്പതാം മൈൽ ചിറക്കടവ് റോഡിലെ കലുങ്ക് തകർന്നിട്ട് മാസങ്ങളായിട്ടും നടപടിയില്ല. വെള്ളക്കല്ലുങ്കൽ ഭാഗത്തെ കലുങ്കിനാണ് വലിയ ഗർത്തം രൂപപ്പെട്ട് ബലക്ഷയം ഉണ്ടായിരിക്കുന്നത്. വാഴൂർ ചിറക്കടവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാനറോഡാണിത്. കലുങ്ക് ഏതുനിമിഷവും തകരാവുന്ന നിലയിലായതിനാൽ വലിയവാഹനങ്ങൾ ഇതുവഴി കടത്തിവിടുന്നില്ല. ഇതോടെ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ ദുരിതത്തിലാണ്. ദേശീയപാത 183,പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാൽ വീതികൂട്ടി നവീകരിക്കണമെന്നാണ് ആവശ്യം.