വൈക്കം : സർക്കാരിന്റെ നേട്ടങ്ങൾ അവകാശപ്പെടുകയും കോട്ടങ്ങളിൽ പങ്കില്ലെന്ന് പറഞ്ഞ് മാറി നിൽക്കുകയും ചെയ്യുന്ന രണ്ടാംതരം രാഷ്ട്രീയത്തിൽ സി.പി.ഐയ്ക്ക് താത്പര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ വൈക്കം മണ്ഡലം സമ്മേളനം തലയാഴത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ഗവൺമെന്റിനെതിരെയുള്ള പ്രതിപക്ഷ ആക്രമണങ്ങളെ നേരിടാനുള്ള ചുമതല പാർട്ടിക്കുണ്ട്. പ്രതിപക്ഷ ആക്രമണങ്ങളെ മാറി നിന്ന് ചർച്ച ചെയ്യുകയല്ല പാർട്ടി പ്രവർത്തകർ ചെയ്യേണ്ടത്. പ്രതിപക്ഷത്തിന്റെ പൊള്ളത്തരം തുറന്ന് കാണിക്കണം. കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽപക്ഷികളാണ്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാരുകളെ ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് അട്ടിമറിക്കാൻ ശ്രമിക്കുന്നു. കേരളത്തിലും അതിനുള്ള ശ്രമം നടത്തി വരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കോൺഗ്രസ് കേന്ദ്രത്തിൽ ഇ.ഡിയെ എതിർക്കുകയും, കേരളത്തിൽ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കോൺഗ്രസിന്റെ ഇരട്ട മുഖം അവരുടെ രാഷ്ട്രീയ കാപട്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.കെ.ആശ എം.എൽ.എ, കെ.അജിത്ത്, സജി.ബി.ഹരൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്റിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് റിപ്പോർട്ടും, എസ്.ബിജു രക്തസാക്ഷി പ്രമേയവും, എൻ.അനിൽ ബിശ്വാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, അസി. സെക്രട്ടറിമാരായ ആർ.സുശീലൻ, അഡ്വ.വി.കെ.സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. വി.ബി.ബിനു, ലീനമ്മ ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പി.എസ്.പുഷ്‌കരൻ സ്വാഗതം പറഞ്ഞു. വിപ്ലവ ഗായിക പി.കെ.മേദിനിയേയും ആദ്യകാല പാർട്ടി പ്രവർത്തകരേയും സമ്മേളനത്തിൽ ആദരിച്ചു.