മുണ്ടക്കയം : മലയോരമേഖലയിൽ പനി പടർന്ന് പിടിക്കുമ്പോൾ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഇന്നലെയുണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രം. മണിക്കൂറുകൾ കാത്തുനിന്നാണ് രോഗികൾ മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. ചിലരാകട്ടെ നിന്ന് മടുത്ത് സ്വകാര്യആശുപത്രികളിലേക്ക് പോയി. നിലവിൽ ആശുപത്രിയിൽ മൂന്ന് സ്ഥിരം ഡോക്ടർമാരും, രണ്ട് താത്ക്കാലിക ഡോക്ടർമാരുമാണ് സേവനം ചെയ്യുന്നത്. ഇതിൽ ഒരു ഡോക്ടർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ഒ.പിയിലാണ് ഡ്യൂട്ടി. എന്നാൽ ഇന്നലെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് ആകെ ഒരു ഡോക്ടറായിരുന്നു. ആശുപത്രി സൂപ്രണ്ട് അടക്കം രണ്ട് ഡോക്ടർമാർ പനി ബാധിച്ച് ചികിത്സയിലാണെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ അറൂന്നൂറിലധികം പേരാണ് ചികിത്സതേടിയെത്തിയത്. രാവിലെ 8 മുതൽ പ്രായമായവരുടെയും, കുട്ടികൾ അടക്കമുള്ള രോഗികളുടെയും നീണ്ട നിര ദൃശ്യമായിരുന്നു.

കുടുംബാരോഗ്യ കേന്ദ്രമായി തരംതാഴ്ത്തി

മുൻകാലങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും, വൈറൽപ്പനി പടർന്നു പിടിക്കുന്ന വേളയിലും അധിക ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താറുണ്ടായിരുന്നു. എന്നാൽ ഇതിന് മുൻകൈയെടുക്കേണ്ട കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നിസംഗത തുടർന്നു. വർഷങ്ങൾക്ക് മുമ്പ് കോടികൾ മുടക്കി ബഹുനില മന്ദിരം നിർമ്മിച്ചതൊഴിച്ചാൽ ആശുപത്രിയെ അധികാരികൾ കൈവിട്ടമട്ടാണ്. ഉദ്ഘാടന വേളയിൽ ജനറൽ ആശുപത്രിയാക്കി ഉയർത്തുമെന്ന് വാഗ്ദാനം നൽകിയെങ്കിലും കുടുംബാരോഗ്യ കേന്ദ്രമായി തരംതാഴ്ത്തുകയാണ് പിന്നീടുണ്ടായത്. ഇപ്പോൾ ഹെൽത്ത് സെന്ററിന് സമാനമായ പ്രവർത്തനമാണുള്ളത്.