കോട്ടയം : വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പരിവേഷമില്ലാതെ കോട്ടയം പ്രസ് ക്ലബ് ഹാളിലെ വേദിയിൽ ഇരിക്കാതെ മാദ്ധ്യമ പ്രവർത്തകരുടെ നടുവിൽ വിവാദ ചോദ്യ ശരങ്ങളുടെ മുനയൊടിച്ചും നിറചിരിയോടെ സ്വീകരിച്ചും പാർട്ടി സംഘടനാ പ്രവർത്തനത്തിൽ പിന്നിട്ട വഴികളെക്കുറിച്ച് സംസാരിച്ചും, കവിതകൾ ചൊല്ലിയും വി.എൻ.വാസവൻ. "ഏൽപ്പിച്ച ചുമതലകൾ കൃത്യമായി സത്യസന്ധതയോടെയും ആത്മാർത്ഥമായും ചെയ്തു. സാംസ്കാരിക വകുപ്പ് അടക്കം കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്യാൻ പാർട്ടി ചുമതലപ്പെടുത്തിയത് പ്രവർത്തന അംഗീകാരമായി കാണുന്നു. അസാദ്ധ്യമായത് ഒന്നുമില്ലെന്ന വിശ്വാസക്കാരനാണ്. അഡ്മിനിസ്ടേഷൻ ഒരു കലയാണ്. അധികാരം വീതിച്ചു കൊടുക്കുക. എല്ലാ ദിവസവും മോണിറ്ററിംഗ് നടത്തുക. കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ മികവ് പുലർത്താൻ കഴിയുന്നത് അങ്ങനെയാണ്. വിശ്വാസ്യത മാർക്കറ്റിൽ വാങ്ങാൻ കിട്ടില്ല. വളഞ്ഞ വഴിയിലൂടെ ഒന്നും ചെയ്തിട്ടില്ല. തെറ്റാണെങ്കിൽ തെറ്റാണെന്നു പറയും. മനുഷ്യസ്നേഹത്തോടെ പ്രവർത്തിക്കുന്നതിൽ രാഷ്ട്രീയമോ സമുദായമോ നോക്കാറില്ല. കുര്യൻ ജോയ് ഡി.സി.സി പ്രസിഡന്റായിരുന്നപ്പോൾ ഒരു അപകടം സംഭവിച്ചു. തോളിൽ തൂക്കിയാണ് അന്ന് ആശുപത്രിയിൽ എത്തിച്ചത്. ബി.ജെ.പി നേതാക്കളുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. മന്ത്രിയായ ശേഷം പഴയ പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാത്തതിൽ ദു:ഖമുണ്ട്.
ഉറക്കം 5 മണിക്കൂർ
അഞ്ചു മണിക്കൂറാണ് ഉറക്കം. എത്ര വൈകി കിടന്നാലും പുലർച്ചെ 4.45 ന് എഴുന്നേൽക്കും. നടത്തത്തിന് പുറമെ യോഗ ദിനചര്യയായി ചെയ്യും. മാനസികമായും കായികമായും ഉന്മേഷവും സമചിത്തതയും നൽകുന്നത് യോഗയാകാം എന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് വള്ളത്തോൾ, കുമാരനാശാൻ, വയലാർ എന്നിവരുടെ കവിതകളും ആലപിച്ച് മന്ത്രി അടുത്ത യോഗ സ്ഥലത്തേക്ക് പോയി.