ഏറ്റുമാനൂർ : നഗരപരിധിയിൽ പേരൂർ ഭാഗത്ത് ഇരുന്നൂറിലധികം ഉപേഭോക്താക്കൾ രണ്ട് മാസമായി കുടിവെള്ളത്തിനായി പരക്കം പായുന്നു. അരുവാക്കുറിഞ്ഞി ഷട്ടർകവല പി.ഡബ്ല്യു.ഡി റോഡിൽ നടയ്കപ്പാലം ഭാഗത്ത് റോഡിന്റെ കൽക്കെട്ട് ഇടിഞ്ഞ് വാട്ടർ അതോറിറ്റിയുടെ ജല വിതരണ കുഴലുകൾ നശിച്ചതാണ് ജലവിതരണം മുടങ്ങാൻ കാരണം. പേരൂർ കാവുംപാടത്ത് മാത്രം നഗരസഭ 10, 24 വാർഡുകളിലായി 127 കുടുംബങ്ങളാണ് വാട്ടർഅതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ച് കഴിയുന്നത്. ഇവിടെ 5 പൊതു ടാപ്പുകളും 29 ഭവന കണക്ഷനുമുണ്ട്. പാടത്തിനോട് ചേർന്ന ഭാഗത്ത് മൂന്നും നാലും സെന്റ് വീതം സ്ഥലത്ത് അടുത്തടുത്ത വീടുകളാണുള്ളത്.
മഴ കനത്തതാേടെ ഉറവവച്ച് ഈ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗയാേഗ്യമല്ലാതായി. ജനങ്ങൾ കിലോമീറ്ററുകൾ യാത്ര ചെയ്തും വണ്ടി വെള്ളത്തെ ആശ്രയിച്ചുമാണ് ആവശ്യത്തിനുള്ള വെള്ളം സമാഹരിക്കുന്നത്. നടയ്ക്കപ്പാലത്ത് റാേഡിലെ ഇടിഞ്ഞ കൽക്കെട്ട് നന്നാക്കാനെത്തിയ പി.ഡബ്ല്യു.ഡി ജോലിക്കാരുടെ അശ്രദ്ധ മൂലം എട്ട് ഇഞ്ച് മൂന്ന് ഇഞ്ച് വീതം വ്യാസമുള്ള രണ്ട് പൈപ്പുകൾ നശിക്കുകയായിരുന്നു. ഇനി വെള്ളം കിട്ടണമെങ്കിൽ കൽക്കെട്ടിന്റെ പണി തീരുന്നത് വരെ കാത്തിരിക്കണം. ചൊവ്വാഴ്ചയോട് കൂടി ജല വിതരണം നടത്താമെന്ന് കരുതുന്നതായി അസി.എൻജിനിയർ മുഹമ്മദ് അറഫാസ് കേരളകൗമുദിയോട് പറഞ്ഞു.
കിണറുകൾ ഉറവെള്ളം കയറി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഞങ്ങളെപ്പോലെയുള്ള പാവങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുമ്പോൾ അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. വണ്ടിവെള്ളത്തിന് പൈസ കൊടുത്ത് എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകും.
വിലാസിനി, കാവുംപാടം, പേരൂർ