
കോട്ടയം. രണ്ട് വർഷം കൊവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം സ്കൂൾ കലോത്സവത്തിന് വീണ്ടും തിരിശീല ഉയരുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. കലാകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടും വേദികിട്ടാത്തതിന്റെ സങ്കടവും ഇതോടെ മാറുകയാണ്. കുട്ടികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളിലും തിരക്ക് കൂടിയിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റുകൾ മുതൽ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നവർ വരെ സന്തോഷത്തിലാണ്.
ഓണാവധിക്ക് ശേഷം സ്കൂൾ, ഉപജില്ലാ, ജില്ലാ മത്സരങ്ങൾ നടക്കും. ഡിസംബറിലോ ജനുവരിയിലോ സംസ്ഥാന കലോത്സവവും.
കുട്ടികൾ കൂടുതൽ ഉൻമേഷമുണ്ടാക്കുമെന്നതിനാൽ അദ്ധ്യാപകർക്കും കലോത്സവം തിരിച്ചുവരുന്നതിൽ ആവേശമാണ്. സി.ബി.എസ്.ഇ, സഹോദയ കലോത്സവങ്ങളും ഇതിനോട് അടുത്ത മാസങ്ങളിലുണ്ടാവും. ഒപ്പന, മാർഗംകളി, തിരുവാതിര, സംഘനൃത്തം തുടങ്ങിയവയ്ക്കെല്ലാം പല സ്കൂളുകളും സ്വന്തം നിലയ്ക്ക് പരിശീലനം നൽകിത്തുടങ്ങിയിട്ടുണ്ട്.
എല്ലാവരും ഹാപ്പി.
കൊവിഡിന്റെ ഇളവിന് ശേഷം നൃത്ത,സംഗീത വാദ്യോപകരണങ്ങളിൽ മാത്രമേ പരിശീലനം നടക്കുന്നുണ്ടായിരുന്നുള്ളൂ. കലോത്സവം വരുന്നതോടെ മിമിക്രി, മോണോ ആക്ട്, മൈം, നാടകം തുടങ്ങിയവ പരിശീലിപ്പിക്കുന്നവർക്കും വരുമാനമാകും. കലോത്സവംകൊണ്ട് ഉപജീവനം നടത്തുന്ന നിരവധി കലാകാരൻമാർക്ക് കൂടിയാണ് ജീവിതം തിരികെ കിട്ടുന്നത്. സാധാരണയുള്ള പരിശീലനത്തിന് പുറമേ, കലോത്സവം ലക്ഷ്യം വച്ചുള്ള പരിശീലന കോഴ്‌സുകളും നടക്കുന്നുണ്ട്.
ഉണർവ് സമസ്ത മേഖലകളിലും.
നർത്തകർക്കായി വാടകയ്ക്ക് ഡ്രസുകൾ നൽകുന്നവർ.
മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും കലാപരിശീലകർക്കും.
ഗാനങ്ങൾ ചിട്ടപ്പെടുത്തി സി.ഡി തയാറാക്കുന്നവർക്ക്.
അവസാന സംസ്ഥാന
കലോത്സവം നടന്നത്:
2019ൽ കാസർകോഡ്.
വിഘ്നേശ്വര നൃത്ത വിദ്യാലയത്തിലെ പ്രസീത പി.എസ് പറയുന്നു.
'' സാധാരണ പരിശീലനം മാത്രമായിരുന്നു ഇതുവരെയെങ്കിൽ കലോത്സവം ലക്ഷ്യംവച്ച് കുട്ടികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കലോത്സവം കൂടി ആരംഭിക്കുമ്പോൾ എല്ലാം കൊണ്ടും പഴയ കാലം തിരികെ വരുന്നതിന്റെ സന്തോഷമുണ്ട്''
ബേക്കർ വിദ്യാപീഠിലെ അദ്ധ്യാപിക അനുപ ഷാജി പറയുന്നു.
'' വേദി ലഭിക്കുന്നതിലുള്ള സന്തോഷമാണ് കുട്ടികൾക്ക്. സ്കൂളുകളിൽ പരിശീലനം നൽകാൻ കലാ അദ്ധ്യാപകർ വിളിച്ച് തുടങ്ങിയിട്ടുണ്ട്''