കോട്ടയം : ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജില്ലയിൽ പൂട്ടിയ ബിവറേസജ് ഔട്ട്‌ലെറ്റുകൾ തുറക്കുമ്പോൾ ഭാവിയിൽ സൂപ്പർമാർക്കറ്റുകളാകും. കുമരത്തെ ബിവറേജസ് ഔട്ട്ലറ്റും സൂപ്പർമാർക്കറ്റായി ഉയർത്തും. ഇതിന് പുറമേ ജില്ലയിലെ എല്ലാ നഗരസഭ പരിധികളിലും ബിവറേജസ് ഷോപ്പും ആരംഭിക്കും. കോട്ടയത്ത് അടച്ചു പൂട്ടിയ വാകത്താനം, കിടങ്ങൂർ , കൊല്ലപ്പള്ളി, വാഴൂർ പതിനാലാംമൈൽ എന്നീ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളാണ് വീണ്ടും തുറക്കുന്നത്. ഈ ഷോപ്പുകൾ എല്ലാം തന്നെ സൂപ്പർ മാർക്കറ്റുകളായി തുറക്കുന്നതിനുള്ള സാദ്ധ്യതയാണ് ബിവറേജസ് കോർപ്പറേഷൻ തേടുന്നത്. ആദ്യം ഔട്ട് ലെറ്റുകളായി തുറന്ന ശേഷം സ്ഥലവും, പാർക്കിംഗ് ക്രമീകരണവും അടക്കം പരിശോധിച്ച് സൂപ്പർ മാർക്കറ്റുകളാക്കാനാണ് ആലോചന. ഇതിന് പുറമേയാണ് കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭാ പരിധികളിൽ പുതിയ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ ആരംഭിക്കുന്നതിനും ആലോചന നടക്കുന്നുണ്ട്. നിലവിൽ ഈ നഗരസഭകളിലെല്ലാം ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ നിലവിലുണ്ട്. എന്നാൽ, ഇവിടെ പുതിയ ഷോപ്പുകൾ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷം കോർപ്പറേഷൻ നടപടിയെടുക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോപ്പുകൾ അനുവദിക്കുന്നതെന്നും നിറുത്തിയ സ്ഥലങ്ങളിലെല്ലാം പഴയ ഷോപ്പുകൾ പുനരാരംഭിക്കുമ്പോൾ തിരക്കും കുറയ്ക്കാനാവുമെന്നും അധികൃതർ പറയുന്നു.