വൈക്കം : പുതിയ കാലം, ഒന്നിച്ചുള്ള ചുവടുകൾ എന്ന മുദ്രാവാക്യം ഉയർത്തി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'ഉണർവ്' വനിത മുന്നേറ്റ ജാഥയ്ക്ക് വൈക്കത്ത് ആവേശോജ്ജ്വല സ്വീകരണം. ജില്ലയിലെ സമാപന കേന്ദ്രമായ വൈക്കത്ത് പടിഞ്ഞാറെനടയിൽ എത്തിയ ജാഥയെ ശിങ്കാരിമേളങ്ങളുടെയും ഫ്ലാഷ് മോബിന്റെയും അകമ്പടിയോടെ നൂറുകണക്കിന് വനിതാ ജീവനക്കാർ ജാഥയെ സമ്മേളന വേദിയായ ബോട്ട് ജെട്ടി മൈതാനിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്‌സൺ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ദേവമാത കോളേജ് അസി. പ്രൊഫസർ ഡോ.മിനി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, ജാഥാ ക്യാപ്ടൻ എം.എസ്.സുഗൈതകുമാരി, വൈസ് ക്യാപ്ടൻ വി.വി.ഹാപ്പി, മാനേജർ ബിന്ദു രാജൻ, പ്രീതി പ്രഹ്ലാദ്, എസ് കൃഷ്ണകുമാരി, വി.സി ജയന്തിമോൾ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കളിയാട്ടം സാമൂഹ്യ നാടകവും, അരയൻകാവ് കൂട്ടം നാട്ടറിവ് പഠനകേന്ദ്രത്തിന്റെ നാടൻ പാട്ടും അരങ്ങേറി.