വൈക്കം : രാമായണ സന്ദേശം ലോക സമാധാനത്തിനുള്ള സിദ്ധൗഷധമാണെന്ന് ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണം ഊട്ടുപുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത വർണ്ണ വർഗ്ഗ ദേശ ഭാഷാ വ്യത്യാസമില്ലാതെ ലോകത്തിന് ആകമാനം സ്വീകരിക്കുവാൻ കഴിയുന്ന മഹദ് ജീവിത സന്ദേശങ്ങളുടെ പ്രവാഹമാണ് രാമായണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.ആർ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. രേണുക രതീഷ്, മോഹനൻ, ശങ്കരൻ കുട്ടിനായർ, രാധാകൃഷ്ണൻ, തേരോഴി രാമക്കുറുപ്പ്, ജയശ്രീ, മതപഠന വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് രാമായണ പാരായണ പരിശീലന ക്ലാസും നടത്തി.