ഏറ്റുമാനൂർ : ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി ഉയർത്തപ്പെട്ട നീണ്ടൂർ പഞ്ചായത്തിലേക്ക് പ്രവേശിക്കാനുള്ള പ്രാലേൽ പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായിട്ടും ഉത്തരവാദിത്തം മറന്ന് അധികൃതർ. ഒരാളുടെ മരണത്തിനിടയാക്കിയ അപകടമടക്കം നിരവധി അപകടങ്ങൾക്ക് ഈ പാലം സാക്ഷിയായി. പരിക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. അടുത്ത കാലത്ത് വാഹനം തട്ടി പാലത്തിന്റെ ഇരുവശത്തെയും സംരക്ഷണഭിത്തി തകർന്നത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് തോട്ടിലേക്ക് വാഹനം മറിയാൻും സാദ്ധ്യതയുണ്ട്.
വീതി കൂട്ടി നൂതന നിലവാരത്തിൽ റാേഡ് ടാർ ചെയ്തപ്പാേൾ വീതി കുറഞ്ഞ പഴയ പാലം അതേപടി നിലനിറുത്തുകയായിരുന്നു. വിപരീത ദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ ഒരുമിച്ച് പാലത്തിൽ കയറുമ്പാേൾ അപകടസാദ്ധ്യത വർദ്ധിക്കും.
ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങുന്നില്ല
പാലത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ സ്ഥലം എം.എൽ.എയും, മന്ത്രിയുമായ വി.എൻ.വാസവന്റെ ഇടപെടൽ മൂലം പുതിയ പാലം പണിയാൻ ബഡ്ജറ്റിൽ 1.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാണം വൈകുന്നത് പി.ഡബ്ല്യു.ഡി അധികൃതരുടെ അനാസ്ഥ മൂലമാണന്ന ആക്ഷേപം ഉയരുന്നുണ്ട്. പാലം പണി വൈകുന്നതിനാൽ അടിയന്തിരമായി താത്കാലിക കൈവരി നിർമ്മിച്ച് അപകട സ്ഥിതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വില്ലനായി കൂറ്റൻ വാകമരവും
പാലത്തിന് തൊട്ടുമുൻപുള്ള വളവിൽ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന വാകമരത്തിനും അപകടമുണ്ടാകുന്നതിൽ പ്രധാന പങ്കുണ്ട്. മരത്തിൽ തട്ടാതിരിക്കുന്നതിനായി റോഡിന്റെ നടുവിലേക്ക് വാഹനം വെട്ടിച്ചു മാറ്റുമ്പാേൾ എതിർ ഭാഗത്തു നിന്നും എത്തുന്ന വാഹനത്തിൽ തട്ടിയാണ് അപകടങ്ങളേറെയും. മരം മുറിക്കുന്നതിനുള്ള നടപടിയുമായി പഞ്ചായത്ത് മുന്നോട്ട് പോയപ്പാേൾ വനം വകുപ്പ് തടസം സൃഷ്ടിക്കുകയായിരുന്നു.