കോട്ടയം : ഐതിഹ്യപ്പെരുമയിൽ പാക്കിൽ ധർമ്മശാസ്താ ക്ഷേത്ര മൈതാനത്ത് സംക്രമ വാണിഭത്തിന് തുടക്കമായി. കൗതുകമുണർത്തുന്നതും പഴമയുടെ പെരുമ നിലനിറുത്തുന്നതുമായ ഉത്പന്നങ്ങളുമായ് വിവിധ സ്ഥലങ്ങളിൽ നിന്ന് പരമ്പരാഗത തൊഴിലാളികൾ എത്തി. മുറം, കുട്ട, വട്ടി, തഴപ്പായ, കറിച്ചട്ടി, കൽചട്ടി , വെട്ടുകത്തി, ദോശക്കല്ല്, ഉലക്ക, തൂമ്പ, പാര, ചീനച്ചട്ടി, അരിവാൾ, കോടാലി, കൊയ്ത്തരിവാൾ തുടങ്ങിയവയുമായി വൈക്കം, തെള്ളിയൂർ,കാവാലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഒരു മാസം നീളുന്ന വ്യാപാരത്തിന് തൊഴിലാളികൾ എത്തിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞ ഗൃഹോപകരണങ്ങളും ഫർണിച്ചറും, പരമ്പരാഗത മീൻപിടിത്ത ഉപകരണങ്ങളായ കൂട, വല, മീൻ കറിയ്ക്ക് ഉപയോഗിക്കുന്ന നാടൻ കൊടം പുളിയും പ്രധാന ഇനങ്ങളാണ്. പാക്കനാരുടെ പിന്മുറക്കാർ നെയ്തുണ്ടാക്കിയ വട്ടിയും കൊട്ടയും മുറവും മറ്റും വിൽക്കാൻ കൂടുതലായി എത്തുന്നുവെന്നതാണ് സംക്രമ വാണിഭത്തിന്റെ പ്രത്യേകത.
വിലനിലവാരം
മുറം : 200 - 450
കുട്ട : 160 - 1500
കൂട 300 മുതൽ
പുട്ട്കുറ്റി : 160
മൺചട്ടി : 40 - 350
കൽഭരണി : 40 - 1500
കൽചട്ടി : 550 - 1000
ചിരാത് :15
കുടംപുളി : 200-300
കാര്യമായ വില്പന ഇല്ലെങ്കിലും എല്ലാ വർഷവും മുടങ്ങാതെ വരും. മുറവും കുട്ടയും വട്ടിയും പായും ആർക്കും വേണ്ട. കൗതുകത്തോടെ നോക്കും വില ചോദിക്കും. ഈറ്റയും കൈതയും ഉപയോഗിച്ച് മുറവും പായും ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് ചെറുതല്ല. എല്ലാവരും പഴയത് മറന്ന് പുതിയ സാധനങ്ങൾ തേടി നടക്കുകയാണ്.
തങ്കമ്മ (മുറം വില്പനക്കാരി)