കാഞ്ഞിരപ്പള്ളി : കിഴക്കൻമേഖലയിൽ യാത്രാക്ലേശം രൂക്ഷമായതോടെ സമരപരിപാടികൾക്ക് ഒരുങ്ങി യാത്രക്കാർ. ദേശീയപാതയടക്കം പ്രധാന റൂട്ടുകളിലും മലയോരമേഖലയുടെ പ്രാന്തപ്രദേശങ്ങളിലും നേരത്തെ ഓടിക്കൊണ്ടിരുന്ന സർവീസ് ബസുകൾ നിറുത്തലാക്കിയതാണ് യാത്രാക്ലേശം രൂക്ഷമാകാൻ കാരണം. പൊൻകുന്നത്ത് നിന്ന് മണിമല, പാലാ സർവീസുകളുടെ എണ്ണം കുറച്ചു. കാഞ്ഞിരപ്പള്ളി,​ വിഴിക്കിത്തോട്,​ ചേനപ്പാടി തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ പലതും മുടങ്ങി. മുണ്ടക്കയം,​ കൂട്ടിക്കൽ,​ ഏന്തയാർ,​ ഇളംങ്കാട് ടോപ്പ്, പുഞ്ചവയൽ 504 കോളനി , കോരുത്തോട് കുഴിമാവ്, എരുമേലി,മുക്കുട്ടുതറ പമ്പാവാലി തുടങ്ങിയ ഉൾപ്രദേശങ്ങളിലുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.

ഓട്ടോ - ടാക്സി തന്നെ ശരണം

അമിത കൂലി നൽകി ഓട്ടോ - ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ദിവസ വരുമാനക്കാരായ തൊഴിലാളികളടക്കമുള്ള യാത്രക്കാർ. കൊവിഡ് കാലത്ത് നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളിൽ മിക്കതും പുന:രാരംഭിച്ചിട്ടില്ല. യാത്രക്കാരുടെ കുറവ് മൂലം സർവീസ് നഷ്ടമായതിനാലാണ് പുന:രാംഭിക്കാത്തതെന്നാണ് വാദം. എന്നാൽ സർവീസ് മുടങ്ങാതെ നടത്തിയാൽ യാത്രക്കാർ ഉണ്ടാകുമെന്ന് നാട്ടുകാരും പറയുന്നു.

കൊവിഡിന് മുൻപ്

കോട്ടയം - കുമളി റൂട്ടിൽ പകൽ സമയത്ത് അരമണിക്കൂർ ഇടവിട്ടും രാത്രി 11 ന് ശേഷം ഓരോ മണിക്കൂറിലും ചെയിൻ സർവീസുകൾ നടത്തിയിരുന്നു. ഇപ്പോൾ ഇതിൽ പകുതി പോലും ഓടുന്നില്ല. യാത്രക്കാർ ബസ് കാത്ത് മണിക്കൂറുക്കളോളം വഴിയിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ്.