
കോട്ടയം. ആലപ്പുഴയിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പൊലീസുകാരിക്കെതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ.എസ്. ഐ റംല ഇസ്മയിലിനെതിരെയാണ് വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഡി.ഐ.ജിക്ക് ശുപാർശ നൽകിയത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തിലെ അറസ്റ്റ് സംബന്ധിച്ച് പൊലീസിനും കോടതി നടപടികൾക്കും എതിരായ റൗഫിന്റെ പോസ്റ്റ് കഴിഞ്ഞ അഞ്ചിനാണ് റംല ഷെയർ ചെയ്തത്. പിന്നീട് ഡിലീറ്റും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നിർദേശത്തിലാണ് അന്വേഷണം നടന്നത്. ഭർത്താവാണ് പോസ്റ്റ് ഷെയർ ചെയ്തതെന്ന വിശദീകരണം തള്ളിയാണ് പൊലീസുകാരിക്ക് വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം വിഷയം ഒതുക്കി വച്ചിരിക്കുകയായിരുന്നെന്നും പരാതി നൽകിയതിന് ശേഷം മാത്രമാണ് അന്വേഷണമുണ്ടായതെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി രംഗത്തെത്തി.
ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി പറയുന്നു.
'' പോപ്പുലർ ഫ്രണ്ടിന്റെ പൊലീസിലെ സാന്നിദ്ധ്യത്തെക്കുറിച്ച് വർഷങ്ങൾക്ക്മുൻപേ ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്. തൊടുപുഴയിൽ ആർ.എസ്.എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നപ്പോൾ ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞു. പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായവരിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമുണ്ട്. റംലയെ പിരിച്ചുവിടുകയാണ് വേണ്ടത്''
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.
'' കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരിക്കെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ ചെയ്തത്''