പാലാ : ടൈമിംഗ് തെറ്റി, നഗരസഭ കൗൺസിൽ യോഗം ബഹിഷ്‌കരിക്കാനൊരുങ്ങിയ പ്രതിപക്ഷശ്രമം കൗൺസിൽ യോഗം പിരിച്ചുവിട്ട് ചെയർമാൻ തടിയൂരി. ഇന്നലെ വൈകിട്ട് 4 നാണ് അടിയന്തിര കൗൺസിൽ യോഗം നടന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന അറ്റകുറ്റപ്പണികൾക്കുള്ള തുക കുറച്ചത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. ചെയർമാൻ അജണ്ട വായിച്ചയുടൻ തങ്ങളുടെ വാർഡുകളിലെ വർക്കുകളിൽ തുക വീണ്ടും കുറയുന്നതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി എഴുന്നേറ്റു. വാർഡ് വർക്കുകൾക്ക് തുക അനുവദിക്കുന്നതിൽ പ്രതിപക്ഷ വാർഡുകളോട് വിവേചനം കാണിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം സ്റ്റേഡിയത്തിൽ കായിക താരങ്ങളെ അപമാനിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര കൗൺസിൽ യോഗം വിളിക്കാൻ ചെയർമാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്റ്റേഡിയം വിഷയം 25 ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു. ഇതിൽ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങൾ യോഗം ബഹിഷ്‌കരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് നിർത്തിയ ഉടൻ യോഗം അവസാനിച്ചതായി ചെയർമാൻ പ്രഖ്യാപിക്കുകയായിരുന്നു.