പാലാ : പാലായെ സംസ്ഥാനത്തെ വിജ്ഞാന നഗരമാക്കുന്നതിന്റെ ഭാഗമായി കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ സ്‌നേഹാദര സംഗമം നാളെ പാലായിൽ നടക്കും. ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ പാലാ നിയോജകമണ്ഡലത്തിൽ നിന്ന് കേരള സിലബസിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കും. നാളെ രാവിലെ 9 ന് പാലാ അൽഫോൻസാ കോളേജിന് സമീപം സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെയും , ഉച്ചകഴിഞ്ഞ് 2 ന് പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കും. നൂറുശതമാനം നേടിയ സ്‌കൂളുകളെ പ്രത്യേകമായി ആദരിക്കും. റിട്ട. ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് രണ്ട് സെഷനുകളിലും വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും. ജോസ് കെ. മാണി എം.പി അവാർഡുകൾ വിതരണം ചെയ്യും.