കൂടപ്പുലം : രാമപുരം പഞ്ചായത്തിൽ ഭരണപ്രതിസന്ധി രൂക്ഷമായതോടെ വികസനസമിതിയോഗം പോലും മുടങ്ങി. ഇതോടെ ചൂരത്തടിപ്പാലത്തിന്റെ പുനർനിർമ്മാണവും ത്രിശങ്കുവിലായിരിക്കുകയാണ്. കഴിഞ്ഞ മേയ് ആദ്യവാരം കനത്ത മഴയിൽ അടിത്തട്ടിലെ കൽക്കെട്ടിളകി തോട്ടിൽ പതിച്ചതോടെയാണ് പാലം അപകടാവസ്ഥയിലായത്. കേരളകൗമുദി വാർത്തയെ തുടർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്
ഷൈനി സന്തോഷ് സ്ഥലം സന്ദർശിച്ച് പുനർനിർമ്മാണത്തിനായി 10 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ വയ്ക്കുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഷൈനി സ്ഥാനമൊഴിഞ്ഞു. ഇപ്പോൾ പഞ്ചായത്ത് ഭരണം നാഥനില്ലാ കളരിയാണ്. വികസനസമിതി ചേർന്നാൽ മാത്രമെ പ്രോജക്ട് റിപ്പോർട്ട് ഡി.പി.സിയ്ക്ക് സമർപ്പിക്കാനാകൂ. പാലം തകർന്നതോടെ രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള ബന്ധം മുറിഞ്ഞ നിലയിലാണ്. പാലം ബലക്ഷയത്തിലായതോടെ വാഹനങ്ങൾ ഇതുവഴി കടത്തിവിടുന്നില്ല. ഇതുമൂലം സ്‌കൂൾ വിദ്യാർത്ഥികളും, പ്രായമായ രോഗികളും ബുദ്ധിമുട്ടുകയാണ്.
പാലം പുനർനിർമ്മിച്ചില്ലെങ്കിൽ പ്രക്ഷോഭം
ചൂരത്തടിപ്പാലം എത്രയുംവേഗം പുനർനിർമ്മിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് രാമപുരം പഞ്ചായത്ത് സമിതി പ്രതിപക്ഷ നേതാവ് സണ്ണി പൊരുക്കോട്ട് പറഞ്ഞു. ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ഉന്നയിക്കും. പാലം നിർമ്മാണം വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.