
പീരുമേട്: പ്ലാന്റേഷൻ മേഖലയെ മുഴുവനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ഡോ.ഗിന്നസ് മാടസാമി കേന്ദ്ര വിവരാവകാശ കമ്മിഷണർ, സംസ്ഥാന വിവരാവകാശ കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകി. നിലവിലെ നിയമം അനുസരിച്ചു കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കൈപ്പറ്റുന്ന സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും വിവരാവകാശ നിയമത്തിന്റെ പരിധിയിലാണ്. കാലാകാലങ്ങളിൽ പ്ലാന്റേഷൻ മേഖലയുടെ പുനരുദ്ധാരണത്തിന് സർക്കാരുകൾ തുകയും പാക്കേജും പ്രഖ്യാപിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നെങ്കിലും സാധാരണക്കാരായ തോട്ടം തൊഴിലാളികൾക്ക് യഥാസമയത്തു ലഭ്യമാകുന്നില്ല. തുക വകമാറ്റി ചെലവാക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് നിയമം ഭേദഗതി ചെയ്യണമെന്ന് നിവേദനം സമർപ്പിച്ചിരിക്കുന്നത്.