മിനിമം കൂലി പോലും കിട്ടാതെ കെൽട്രോണിലെ ഫാക്കൽറ്റികൾ

കോട്ടയം. ''പന്ത്രണ്ട് വർഷമായി ജോലി ചെയ്യുന്ന എന്റെ ശമ്പള സ്ളിപ് പുറത്തു കാണിക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് കുറവാണ്. ഇപ്പോഴും ഞങ്ങളെപ്പോലുള്ളവരുടെ അവസ്ഥ പരിഹരിക്കാൻ സർക്കാർ മിനിമം കൂലി പുതുക്കിയിട്ടും ലക്ഷങ്ങൾ വാങ്ങുന്ന മാനേജ്മെന്റ് ഉത്തരവ് നടപ്പാക്കുന്നില്ല'' എം.ടെക് കഴിഞ്ഞ കെൽട്രോണിലെ ഒരു ഫാക്കൽറ്റിയുടെ വാക്കുകളാണിത്.

ഇലക്ട്രോണിക്‌സ് ഇൻഡസ്ട്രീസ് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നിരക്കുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത് 2021 ഒക്ടോബറിലാണ്. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിൽ നൈപുണ്യ വകുപ്പ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ കെൽട്രോണിൽ 8 മുതൽ 15 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇപ്പോഴും 15000 രൂപ പോലും തികച്ചു കിട്ടുന്നില്ല. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണിലെ വിവിധ ട്രേഡ് യൂണിയനുകൾ ചെയർമാന് കത്ത് നൽകിയെങ്കിലും നടപ്പായില്ല.

ആനുകൂല്യങ്ങളുമില്ല.

യാതൊരു ആനുകൂല്യവുമില്ലാതെ പത്തും പതിന്നാലും വർഷമായി ജോലി ചെയ്യുന്ന ഫാക്കൽറ്റികൾ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരാണ്. കെൽട്രോണിലെ പി.ജി.ഡി.സി.എ, ഡേറ്റ എൻട്രി തുടങ്ങിയവ പഠിപ്പിക്കുന്നവരാണിവർ. സർവീസ് പരിഗണിച്ച് കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇ.എസ്.ഐ, പി.എഫ് തുടങ്ങി ലീവാനുകൂല്യങ്ങൾ പോലുമില്ല. മുൻപ് അഞ്ചുവർഷം തുടർച്ചയായി ജോലി ചെയ്തിരുന്നവരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചെങ്കിലു അതും നടപ്പായില്ല. പലരും ശമ്പള വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിൽ കുടുംബ പ്രാരാബ്ദ്ധക്കാരായി. പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരിടത്ത് ജോലിക്ക് പ്രവേശിക്കാനും കഴിയില്ല.

മിനിമം ശമ്പളമില്ലാത്ത ഫാക്കൽറ്റികൾ: 72 പേർ.