മുണ്ടക്കയം: കൂട്ടിക്കലിൽ ബൈക്കുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾ പൊലീസിന്റെ വലയിലായതായി സൂചന.
തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. നാരകംപുഴ, സഹകരണബാങ്കിനു എതിർവശം താമസിക്കുന്ന കൊക്കയാർ ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ ജിയാഷിന്റെ ബൈക്കാണ് രണ്ടംഗസംഘം ആദ്യം മോഷ്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് രണ്ടംഗ സംഘം വീടിനു സമീപം പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് പൂട്ടുതകർത്ത് കൊണ്ടുപോയത്. എതിർവശത്തെ സഹകരണബാങ്കിന്റെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് മോഷണം സംബന്ധിച്ച് വിവരം ലഭിച്ചത്.
ഇവിടെനിന്നും മോഷ്ടിച്ച ബൈക്കുമായി സംഘം പോകുന്നതിനിടയിൽ കൂട്ടിക്കൽ ടൗണിനു സമീപത്തു വച്ചു പെട്രോൾ തീർന്നതോടെ വാഹനം ഉപേക്ഷിച്ചു. തുടർന്ന് സമീപത്തെ വർക്ക്ഷോപ്പിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി പോയെങ്കിലും ചപ്പാത്തു ഭാഗത്ത് എത്തിയതോടെ അതിലെ പെട്രോളും തീർന്നു. പിന്നീട് സമീപത്തെ മനങ്ങാട്ട് അൽത്താഫിന്റെ വീട്ടിലെ ബൈക്കുമായി സംഘം മുങ്ങുകയായിരുന്നു. സംഭവം സംബന്ധിച്ചു നിരവധിപേരെ ചോദ്യം ചെയ്തിരുന്നു.