ബോർമ്മയിൽ നിന്നുള്ള മാലിന്യം കത്തീഡ്രൽ പള്ളി റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി

പാലാ: മൂക്കുപൊത്താതെ ആർക്കും ഇതുവഴി നടക്കാൻ കഴിയില്ല. റോഡരികിൽ മലിനജലം കനത്ത ദുർഗന്ധം പരത്തി ഒഴുകുകയാണ്. പുഴുക്കൾ നുരയ്ക്കുന്ന വെള്ളം.! പാലാ നഗരസഭ തെക്കേക്കരയിലുള്ള കത്തീഡ്രൽ പള്ളി റോഡിലാണ് ഈ ദയനീയാവസ്ഥ. അടുത്തുള്ള ഒരു ബോർമ്മയിൽ നിന്നുള്ള മലിനജലം നേരിട്ട് റോഡുവക്കിലെ ഓടയിലേക്ക് ഒഴിച്ചുവിടുകയാണെന്നാണ് ആക്ഷേപം. വർഷങ്ങൾക്ക് മുമ്പും ഇതേ സ്ഥിതി ഉണ്ടായിരുന്നു. അന്ന് നഗരസഭാധികാരികൾ നടപടിയെടുത്തപ്പോൾ ബോർമ്മയുടെ ഉടമ മാലിന്യമൊഴുക്കൽ നിർത്തിവെച്ചു. പിന്നീട് നാളുകളോളം പ്രശ്‌നം ഉണ്ടായില്ല.

അടുത്തകാലത്ത് വീണ്ടും മലിനജലം ഒഴുക്കാൻ തുടങ്ങിയെന്ന് പരിസരവാസികളും യാത്രക്കാരും പറയുന്നു. വൻകിട കച്ചവടക്കാരായ ബോർമ്മ ഉടമകൾക്കെതിരെ നഗരസഭ അധികാരികളോ ആരോഗ്യവകപ്പോ ഒരു നടപടിയും സ്വീകരിക്കാറുമില്ല എന്നാണ് ജനങ്ങളുടെ പരാതി. ഈ ഭാഗത്ത് റോഡിലുള്ള കലുങ്കിന്റെ ഒരുഭാഗം മണ്ണടിഞ്ഞ് നിറഞ്ഞതുമൂലം വെള്ളമൊഴുക്കുമില്ല.

അൻപതു മീറ്ററിലധികം ദൂരം ഈ ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്. ഇവിടെ പുഴുക്കൾ നുരയ്ക്കുന്നുമുണ്ട്. രാവിലെ കത്തീഡ്രൽ പള്ളിയിലേക്ക് നടന്നപോകുന്ന വിശ്വാസികൾ ഉൾപ്പെടെ ദുരിതത്തിലാണ്. വലിയൊരു വിഭാഗം വിശ്വാസികളുടെ എതിർപ്പിനെ മറികടന്നും മലിനജലം തുടർച്ചയായി റോഡിലേക്ക് നേരിട്ട് ഒഴുക്കിവിടുകയാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.

സ്ഥലം സന്ദർശിച്ചു

പരാതിയെ തുടർന്ന് ഇന്നലെ നഗരസഭ 19ാം വാർഡ് കൗൺസിലർ മായ രാഹുൽ സംഭവസ്ഥലം സന്ദർശിച്ചു. മലിനജലം ഒഴുക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകിയതായി കൗൺസിലർ പറഞ്ഞു. അതേസമയം
മാലിന്യമൊഴുക്കുന്നത് തുടർന്നാൽ ജനങ്ങളെ ചേർത്ത് സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് 19ാം വാർഡ് ബൂത്ത് പ്രസിഡന്റ് റെജി നെല്ലിയാനി വ്യക്തമാക്കി.