കുറവിലങ്ങാട്: ഉഴവൂർ ഡോ.കെ.ആർ നാരായണൻ ഗവ.ആശുപത്രിയിൽ സ്‌പെഷ്യാലിറ്റി വിഭാഗം പ്രവർത്തനക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് മന്ത്രി വിശദാംശങ്ങൾ അറിയിച്ചത്. ഉഴവൂർ ആശുപത്രിയിൽ രോഗികൾക്ക് സർജറി വിഭാഗം സേവനം കൂടി ലഭ്യമാക്കുന്നതിന് ഓപ്പറേഷൻ തിയറ്റർ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ ഉടനെ സ്വീകരിക്കും.ഇതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 34,01,624 ലക്ഷം രൂപ ചെലവഴിച്ച് പ്രവർത്തി നടപ്പാക്കാനുള്ള അനുമതി സർക്കാർ നൽകിയതായി മന്ത്രി വ്യക്തമാക്കി. ഈ സ്ഥാപനത്തിൽ ജനറൽ മെഡിസിൻ,ജനറൽ സർജറി, പീഡിയാട്രിക്‌സ്, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിൽ ജൂനിയർ കൺസൾട്ടന്റ് തസ്തിക അനുവദിച്ചിട്ടുണ്ട്.അസിസ്റ്റന്റ് ഡയറക്ടർ തസ്തിക മുതൽ വിവിധ വിഭാഗങ്ങളിലായി 97 തസ്തികകളാണ് ഉഴവൂർ ഗവ.ആശുപത്രിയിൽ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.