മുണ്ടക്കയം : മലയോരമേഖലയിലെ വിദ്യാർത്ഥികളിൽ വൈറൽപ്പനി പടർന്ന് പിടിക്കുന്നത് രക്ഷിതാക്കളെയും, സ്കൂളധികൃതരെയും ആശങ്കയിലാഴ്ത്തുന്നു. വൈറൽപ്പനിയ്ക്ക് പുറമെ തക്കാളിപ്പനിയും പടരുകയാണ്. ഇതോടെ സ്കൂളുകളിൽ ഹാജർ വളരെ കുറവാണ്. പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ പനി പടരുന്നത് രക്ഷിതാക്കളിലും ആശങ്കയ്ക്കിടയാക്കുന്നു. രോഗം മാറിയാലും ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇത് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ശിശുരോഗ വിദഗ്ദ്ധരും പറയുന്നു. സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടിയെത്തുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പനി ബാധിച്ചവരാണെന്നാണ് കണക്കുകൾ. താലൂക്കിൽ 21 ഓളം കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മുതിർന്നവരിലും പനിബാധിതർ ഏറുകയാണ്. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ചികിത്സ തേടിയെത്തിയവരിൽ ഏറെയും പനി ബാധിതരായിരുന്നു. ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലായി നാല് പേർക്കാണ് ഈ മാസം ഡെങ്കിപ്പനി ബാധിച്ചത്. പനി പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സർക്കാർ ആശുപത്രിയിൽ രോഗികളുടെ എണ്ണം കൂടുമ്പോൾ മതിയായ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.