ഇതാണ് മുത്തോലി മോഡൽ!
അപകടമേഖലയായി പാലാ ഏറ്റുമാനൂർ ഹൈവേയിലെ മുത്തോലി ജംഗ്ഷൻ
പാലാ: ഇടിഞ്ഞുപൊളിഞ്ഞ ഡിവൈഡർ.... ഇവിടെ ഉയരത്തിൽ വളർന്നുകിടക്കുന്ന കാട്ടുവള്ളികൾ, ഒരിക്കലും തെളിയാത്ത ഹൈമാസ്റ്റ് ലൈറ്റ്..., തൊട്ടപ്പുറം തകർന്ന റോഡും വെള്ളക്കെട്ടും... പാലാ ഏറ്റുമാനൂർ ഹൈവേയിലെ 'മോഡൽ ജംഗ്ഷനായി ' പ്രഖ്യാപിക്കപ്പെട്ട മുത്തോലി ജംഗ്ഷനിലെ കാഴ്ചയാണിത്. പേരിൽ മാത്രം മോഡൽ ജംഗ്ഷൻ..! മുത്തോലി കവലയിലെ ഡിവൈഡറുകളാണ് എറെ ഭീകരം. പലതവണയാണ് ഇരുവശത്ത് നിന്നും ഡിവൈഡറുകളിൽ വാഹനമിടിച്ച് കയറിയത്. രാത്രി കാലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തത് മൂലം ഇരുട്ടു നിറയുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. അപകടത്തിൽ തകരുന്ന ഭാഗം നന്നാക്കാൻ അധികാരികൾക്ക് സമയമില്ല. അപകടസൂചനകമായി റിഫ്‌ളക്ഷൻ ലൈറ്റ് പോലുമില്ലാത്തത് തുടർച്ചയായുള്ള അപകടത്തിനിടയാക്കുന്നു. വാഹനമിടിച്ച് ഇളകിയ കല്ലുകൾ ആഴ്ചകളായി റോഡിൽ കിടക്കുകയാണ്. ഡിവൈഡറിൽ ഇപ്പോൾ രണ്ടടിയോളം ഉയരത്തിലാണ് കാട്ടുചെടികൾ വളർന്നുനിൽക്കുന്നത്. ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കും വിധമാണ് ചെടികൾ.
നിവേദനം നൽകി
ചേർപ്പുങ്കൽ പാലം അടച്ച സാഹചര്യത്തിൽ ഇതുവഴി വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചത് അപകടസാധ്യത ഏറാൻ കാരണമായി. മുത്തോലി ജംഗ്ഷനിലെ ലൈറ്റ് തകരാറിലായതോടെ ഇവിടം കൂരാക്കൂരിരുട്ടിലാകും. കൊടുങ്ങൂർ റോഡിലെ വെള്ളക്കെട്ടാണ് മറ്റൊരു ദുരിതം. ഒപ്പം റോഡ് തകരുക കൂടി ചെയ്തതോടെ ഏറെ ബുദ്ധിമുട്ടിലാണ് യാത്രക്കാർ. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ നിവേദനം നൽകി.
ഫോട്ടോ അടിക്കുറിപ്പ്
ശോച്യാവസ്ഥയിലായ മുത്തോലി ജംഗ്ഷൻ