
കട്ടപ്പന: അന്യസംസ്ഥാന തൊഴിലാളികളുടെ മകൻ പടുതാക്കുളത്തിൽ വീണ് മരിച്ചു. ആസാം ഗുവാഹത്തി ജാഗീറോഡ് സ്വദേശികളായ ദുലാൽ ദാസ്- കുഞ്ചൽ ദമ്പതികളുടെ മകൻ ഓംകൂറാണ് (6) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഉപ്പുതറ ഒമ്പതേക്കറിലായിരുന്നു സംഭവം. ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ പടുതാക്കുളത്തിൽ കുട്ടി കാൽവഴുതി വീണാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കൾ പണിയെടുക്കുന്നതിന് സമീപം കളിക്കുകയായിരുന്നു കുട്ടി. കുറേ നേരമായി കാണാതെ വന്നതിനെ തുടർന്ന് സാധാരണയായി പോകാറുള്ള അയൽ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പുരയിടത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ പടുതാക്കുളത്തിന് സമീപത്ത് നിന്ന് ഒരു ചെരുപ്പ് കണ്ടെത്തി. തുടർന്ന് പടുതാക്കുളത്തിൽ തിരഞ്ഞപ്പോഴാണ് കുട്ടിയെ ലഭിച്ചത്. ഉടൻ ഉപ്പുതറ സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.