പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡപ്പോയ്ക്ക് മികച്ച പരിഗണന നല്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. നിയമസഭയിൽ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പൊൻകുന്നം ഡപ്പോയിൽ ഉണ്ടായിരുന്ന 5 ചെയിൻ സർവീസുകളിൽ 3 എണ്ണം നിലവിൽ പൊൻകുന്നം പത്തനംതിട്ടയായി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. പൊൻകുന്നം യൂണിറ്റിൽ നിന്നും 9 ഉം, പാലാ യൂണിറ്റിൽ നിന്നും 6 ഉം ഉൾപ്പെടെ ആകെ 15 സർവീസുകൾ പൊൻകുന്നം പാലാ റൂട്ടിലൂടെയും പൊൻകുന്നം ഡപ്പോയിൽ നിന്ന് മുണ്ടക്കയം കോട്ടയം റൂട്ടിൽ 12 ഷെഡ്യൂളുകളിലായി 21 ട്രിപ്പുകളും നടത്തുന്നതായി മറുപടിയിൽ അറിയിച്ചു. പൊൻകുന്നം വെള്ളരിക്കുണ്ട് പരപ്പ റൂട്ടിൽ സർവ്വീസ് ലാഭകരമല്ലാത്തതിനാലാണ് നിർത്തലാക്കിയത്. മൂവാറ്റുപുഴ പുനലൂർ സംസ്ഥാന പാതയിലൂടെ 58 അന്തർജില്ലാ സർവ്വീസുകൾ നടത്തുന്നുണ്ട്. പൊൻകുന്നം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പൊതുജനങ്ങൾക്കുകൂടി ഉപകാരപ്രദമായ രീതിയിൽ യാത്രാ ഫ്യുവൽ റീട്ടെയിൽ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമായി മുന്നേറുന്നതായും മന്ത്രി അറിയിച്ചതായി ചീഫ് വിപ്പ് പറഞ്ഞു.