sad

കോട്ടയം. "എൻ.സി.പിയിലെ നായനാർ " എന്നു വിശേഷിപ്പിക്കാവുന്ന ഉഴവൂർ വി​ജ​യൻ ബാ​ക്കി​വ​ച്ചു​പോയ സൗ​ഹൃ​ദ​വും നർ​മ്മത്തിൽ ​ചാ​ലി​ച്ച വാ​ക്ചാ​തു​രി​യും നേ​തൃപാ​ട​വ​വും മറ്റു നേതാക്കളിൽ കാണാതെ വരുമ്പോഴാണ് ആ ഓർമകൾക്ക് മിഴിവേകുന്നത്. അദ്ദേഹം മരിച്ചിട്ട് അഞ്ച് വർഷം തികയുകയാണ്. ഉഴവൂരിലെ ഇല്ലായ്മയിൽ നിന്ന് കെ.ആർ.നാരായണൻ രാഷ്ട്രപതികസേരയിൽ എത്തിയിട്ടും ഉഴവൂർ നാരായണൻ എന്ന് അറിയപ്പെടുന്നില്ല. ജന്മനാടിനൊപ്പം ലോകം അറിയാൻ വിജയനേ കഴിഞ്ഞള്ളൂ.

' നാട്ടുകാരെ ഏറെ നേരം പിടിച്ചിരുത്താൻ ഉ​ഴ​വൂർ വി​ജ​യ​നെ കി​ട്ടു​മോ? കേ​ര​ള​ത്തിൽ ഏ​തു തി​ര​ഞ്ഞെ​ടു​പ്പു വ​ന്നാ​ലും ഇ​ട​തു​മു​ന്ന​ണി ഘടകകക്ഷി നേ​താ​ക്ക​ളു​ടെ ആ​ദ്യ ചോ​ദ്യം ഇ​താ​യി​രു​ന്നു. ര​സ​ക​ര​മായ പ്ര​സം​ഗ​ത്തി​ലൂ​ടെ ശ്രോതാക്കളെ പി​ടി​ച്ചി​രു​ത്താൻ വിജയൻ ആവശ്യഘടകമായതിനാൽ ഏ​തു തി​ര​ഞ്ഞെ​ടു​പ്പിലും ആ​ളെ കൂ​ട്ടാൻ വി​ജ​യൻ വേ​ണ​മാ​യി​രു​ന്നു. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​സം​ഗി​ക്ക​ണ​മെ​ന്ന് ​​ അ​ഭ്യർ​ത്ഥന വ​രും. സ്ഥാ​നാർ​ത്ഥി​ക​ളേ​ക്കാൾ തി​രക്കോടെ കേരളമാകെ പാഞ്ഞുനടന്ന് പ്രസം​ഗി​ച്ച് ശ​ബ്ദ​മ​ട​ഞ്ഞാ​ലും എ​ല്ലാ​വർ​ക്കും വി​ജ​യൻ​ മ​തി.

സ്ഥാ​നാർ​ത്ഥി എ​ത്തും​മു​മ്പ് വിജയന്റെ സാമ്പിൾവെടിക്കെട്ടു പ്രസംഗം ഒ​ന്നൊ​ന്നര മ​ണി​ക്കൂർ നീളം. കേൾ​വി​ക്കാ​രെ ചി​രി​പ്പിക്കുന്നതിനായി ത​മാ​ശ​കൾ മുൻ​കൂ​ട്ടി ആ​ലോ​ചി​ച്ചു​റ​പ്പി​ക്കു​ന്ന ശീ​ല​മില്ല. വ​ന്നു ഭ​വി​ക്കു​ക​യാ​ണ്. ഒരിക്കൽ പ്രസംഗത്തിനിടയിൽ വെപ്പ് പല്ല് തെറിച്ചുപോകുന്നത് ചാനൽ ദൃശ്യങ്ങളിൽ വന്നപ്പോൾ എന്റെ പ്രസംഗത്തിന്റെ ബലം വെപ്പുപല്ലിനില്ലാതെ പോയെന്നായിരുന്നു വിജയന്റെ കമന്റ് .

വി​വിധ സ്ഥാ​നാർ​ത്ഥി​കൾ​ക്കാ​യി പ്ര​സംഗ പ​ര്യ​ട​നം ന​ട​ത്തി​യി​രു​ന്ന വി​ജ​യൻ വർ​ഷ​ങ്ങൾ​ക്കു മു​മ്പ് കെ.​എം.​മാ​ണി​യു​മാ​യി പാ​ലാ​യിൽ ഒ​രു കൈ​നോ​ക്കിയ ശേ​ഷം തി​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​ച്ചി​ട്ടി​ല്ല . '​മാ​ണി​സാർ പാ​ലാ​യ്ക്കു​വേ​ണ്ടി പ​ല​തും ചെ​യ്തി​ട്ടു​ണ്ട്. എ​നി​ക്ക് ഒ​ന്നും ചെ​യ്യാൻ ക​ഴി​യാത്തത്​ കൊ​ണ്ട് ഒ​ര​വ​സ​രം നൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ന്ന് വോ​ട്ടർ​മാ​രോ​ടു​ള്ള വി​ജ​യ​ന്റെ അ​ഭ്യർ​ത്ഥ​ന! മാണിസാർ മരിച്ചാൽ നരകത്തിൽ പോകും. ഞാനോ സ്വർഗത്തിലെ സ്യൂട്ടിലായിരിക്കുമെന്ന് പ്രസംഗിച്ചപ്പോഴും പരിഭവിക്കാതെ മാണി ചിരിച്ചതേയുള്ളൂ. അതാണ് വിജയൻ സ്പീച്ച് മാജിക് .

അഞ്ചുവർ​ഷ​ത്തി​നു​ള്ളിൽ കേ​ര​ള​ത്തി​ലെ രാഷ്ട്രീയ സാ​മൂ​ഹ്യ സാം​സ്കാ​രിക രം​ഗ​ങ്ങ​ളിൽ വലിയ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. പല വ്യ​ക്തി​ക​ളു​ടെ​യും ഉ​യർ​ച്ച താ​ഴ്ച​ക​ളു​ണ്ടാ​യി. ഇതിനെല്ലാം സാക്ഷിയായി വിജയൻ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ പ്രസംഗിച്ച് കേരളത്തെ ചിരിപ്പിച്ചേനേ!....