മരച്ചില്ലകളെ കുറ്റംപറഞ്ഞ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ
പാലാ: എ.ബി. കേബിൾ വലിച്ചാൽ പാലായിൽ വൈദ്യുതി പോകില്ലെന്നായിരുന്നു വയ്പ്പ്. എന്നാൽ ഇപ്പോൾ ഈ കേബിൾ പലയിടത്തും കത്തുവാ... എന്ത് ചെയ്യും.? നഗരവാസികൾ ആകെ ഇരുട്ടിലും. കൊട്ടാരമറ്റത്താണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാത്രി കൊട്ടാരമറ്റത്ത് വൈദ്യുതി മുടങ്ങി. പാലാ വൈദ്യുതി ഭവനിൽ വിളിച്ചാൽ കേബിൾ (ഏരിയൽ ബഞ്ച്ഡ് കേബിൾ ) കത്തിയതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് സ്ഥിരം മറുപടി. വെള്ളിയാഴ്ച രാത്രിയും വൈദ്യുതി പോയി. ഇതേതുടർന്ന് കോൺഗ്രസ് പാലാ മണ്‌ഡലം പ്രസിഡന്റ് തോമസ് ആർ.വിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കൊട്ടാരമറ്റത്തേക്ക് വിളിച്ചുവരുത്തി. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് പടർന്നുപന്തലിച്ച രണ്ട് മരങ്ങളാണ് വില്ലൻ എന്നായിരുന്നൂ കെ.എസ്.ഇ.ബി അധികാരികളുടെ മറുപടി. ഈ മരങ്ങളുടെ ചില്ലകൾക്കിടയിലൂടെയാണ് കേബിൾ കടന്നുപോകുന്നത്. ചെറിയൊരു കാറ്റടിച്ചാൽ മരച്ചില്ലകൾ ആടിയുലയും. ഷോർട്ടായി കേബിൾ കത്തുകയും ചെയ്യുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വിശദീകരിച്ചു. എന്നാൽ എന്നും കേബിൾ കത്തലും തുടർന്നുള്ള വൈദ്യുതി മുടക്കവും ഉപഭോക്താക്കൾ അനുഭവിക്കേണ്ട കാര്യമുണ്ടോ എന്ന പൊതുപ്രവർത്തകരുടെ ചോദ്യത്തിന് കെ.എസ്.ഇ.ബി അധികൃതർക്ക് മറുപടി ഉണ്ടായിരുന്നില്ല.
മുറിക്കാൻ എന്ത് തടസം?
ഓട്ടോ സ്റ്റാൻഡിലെ മരച്ചില്ലകൾ മുറിക്കാൻ ഓട്ടോ തൊഴിലാളികൾ സമ്മതിക്കുന്നില്ലെന്നായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വാദം.
എന്നാൽ ലൈനിലേക്ക് മുട്ടിനിൽക്കുന്ന മുഴുവൻ മരച്ചില്ലകളും മുറിക്കണമെന്ന് തങ്ങൾ പലവട്ടം ആവശ്യപ്പെട്ടിട്ടും ടച്ചിംഗ് വെട്ടാൻ വരുന്ന കെ.എസ്.ഇ.ബി. ജീവനക്കാർ തയ്യാറാകുന്നില്ലന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ പരാതി. ഇവിടെ തണൽ വിരിച്ചു നിൽക്കുന്ന മരം ചുവടെ മുറിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല. അതേസമയം ലൈനിൽ തട്ടി നിൽക്കുന്ന കമ്പുകൾ മുറിക്കുന്നതിന് തങ്ങൾ ഒരു തടസവും സൃഷ്‌ക്കുന്നില്ലെന്നും ഓട്ടോ തൊഴിലാളികൾ അറിയിച്ചു. ഇതനുസരിച്ച് ഇന്നോ നാളെയോ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ കേബിളിലേക്ക് തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിക്കുമെന്ന് കെ.എസ്.ഇ.ബി. അധികാരികൾ വ്യക്തമാക്കി.
സുനിൽ പാലാ
ഫോട്ടോ അടിക്കുറിപ്പ്
ഇന്നലെ കൊട്ടാരമറ്റം ഓട്ടോ സ്ര്ൻഡിൽ ലൈനിലേക്ക് മുട്ടിനിൽക്കുന്ന മരച്ചില്കൾ കാണാനെത്തിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ. കോൺഗ്രസ് മണ്ഡലം പ്രസിഡന് തോമസ് ആർ.വി. സമീപം.