ഏറ്റുമാനൂർ : തിയേറ്റർ ജീവനക്കാരും, സിനിമ കാണാനെത്തിയവരും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാണികൾ കുറവായതിനെ തുടർന്ന് ഷോ നടത്താനാവില്ലെന്ന ജീവനക്കാരുടെ നിലപാട് അടിയിൽ കലാശിക്കുകയായിരുന്നു. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയവരുമായാണ് സംഘർഷമുണ്ടായത്. വൈക്കം കടക്കാമ്പുറത്ത് അജിഷ് (27), ഹരീഷ് ഭവനിൽ ഹരിഷ് (35), സഹോദരൻ സുദീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിക്കറ്റിന്റെ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു. ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ട തങ്ങളെ ക്രൂരമായി മർദ്ദിക്കുകുകയായിരുന്നുവെന്ന് പരിക്കേറ്റവരും, മൂവർ സംഘം മദ്യലഹരിയിൽ അക്രമം നടത്തുകയായിരുന്നുവെന്ന് തിയേറ്റർ നടത്തിപ്പുകാരും പൊലീസിന് മൊഴി നൽകി. ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.