പാലായിലെ തെരുവ്നായ ശല്യം, നഗരസഭ ഇന്ന് ചർച്ച ചെയ്യും

പാലാ: നഗരത്തിലെമ്പാടും അലയുന്ന ഈ തെരുവുനായ്ക്കളെ ഒന്ന് പിടിച്ചുകെട്ടാൻ ഇവിടെ ആരെങ്കിലുമുണ്ടോ...?

നല്ല ഒന്നാന്തരം നായക്കൂട് പാലാ മൃഗാശുപത്രിയോട് ചേർന്ന് ഒഴിഞ്ഞുകിടപ്പുണ്ട്. ഇവിടെ കുറഞ്ഞത് ഒരു ഇരുപത് നായ്ക്കളെയെങ്കിലും സംരക്ഷിക്കാം. പക്ഷേ ഇപ്പോൾ ഉള്ളത് വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിൽ കഴിയുന്ന ''കുട്ട്‌റു'' എന്ന നായ മാത്രം.

വാഹനാപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ട്‌റുവിനെ സംരക്ഷിക്കാൻ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര പ്രത്യേകം തത്പര്യമെടുത്തു. ചെയർമാന്റെ സമീപനം നഗരസഭയിലെ പ്രതിപക്ഷ നിരയുടെ കൂടി അഭിനന്ദനം പിടിച്ചുപറ്റി. പക്ഷേ ഇതോടൊപ്പം തെരുവിൽ അലഞ്ഞ് തിരിയുന്ന മറ്റ് നായ്ക്കളെക്കൂടി പിടിച്ചുകെട്ടി നായക്കൂട്ടിൽ സംരക്ഷിക്കാൻ നഗരഭരണ നേതൃത്വം മുൻകൈ എടുക്കണമെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പാലാ തെക്കേക്കരയിൽ അടുത്തിടെ നാലഞ്ച് പേരെ തെരുവുനായ്ക്കൾ കടിച്ചിരുന്നു. തെരുവുനായ്ക്കൾ പെരുകുന്നത് സംബന്ധിച്ച് കേരള കൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ അടിയന്തിര കൗൺസിൽ യോഗത്തിന് നോട്ടീസ് കൊടുത്തിരുന്നു. പാലാ ടൗൺ, രാമപുരം റോഡിൽ ചന്തഭാഗം, മുരിക്കുംപുഴ, പന്ത്രണ്ടാം മൈൽ, ചെത്തിമറ്റം, കടപ്പാട്ടൂർ, റിവർവ്യൂ റോഡ്, ടൗൺഹാൾ പരിസരം എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടമായി അലയുകയാണ്.

കൗൺസിൽ യോഗം ചർച്ച ചെയ്യും

നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന കേരള കൗമുദി വാർത്തയുടെയും ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന നഗരസഭ യോഗം വിഷയം ചർച്ച ചെയ്യുമെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര പറഞ്ഞു.

ഫേട്ടോ അടിക്കുറിപ്പ്:

നിലവിൽ പാലാ മൃഗാശുപത്രി വളപ്പിലെ നായക്കൂട്ടിൽ ചികിത്സയിൽ കഴിയുന്ന കുട്ട്‌റു എന്ന നായ.