പാലാ: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ ബലിതർപ്പണതിത്‌ന് പ്രത്യേക ദിവസം നോക്കേണ്ട; ഇവിടെ ആണ്ടിലെ എല്ലാ ദിവസവും പിതൃതർപ്പണം നടക്കുന്നുണ്ട്. എന്നാൽ ഇവിടുത്തെ കർക്കടക വാവുബലി അതീവ ശ്രേയസ്‌കരവും ഐശ്വര്യകരവുമാണെന്നാണ് ഭക്തരുടെ വിശ്വാസം.
ഇടപ്പാടി ക്ഷേത്രത്തിൽ എല്ലാ വർഷവും അയ്യായിരത്തിൽപ്പരം ആളുകളാണ് പിതൃപൂജയ്ക്ക് എത്തുന്നത്. ഒരുകാലത്ത് പിതൃസമർപ്പണ പുണ്യസങ്കേതമായിരുന്ന ഇവിടെ വൈഷ്ണവചൈതന്യം കൂടി ഉണ്ടെന്ന് ദേവപ്രശ്‌നചിന്തയിൽ തെളിഞ്ഞതോടെ പിതൃതർപ്പണത്തിന് ഭക്തരുടെ വൻ തിരക്കാണ്.
വിധിപ്രകാരം തയാറാക്കിയ ബലിച്ചോറാണ് കർക്കടക വാബുവലിക്ക് ഇവിടെ ഉപയോഗിക്കുന്നത്. മേൽശാന്തി വൈക്കം സനീഷ് ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ പത്തോളം ശാന്തിമാർ ബലിതർപ്പണ കർമ്മങ്ങളിൽ ഭക്തരെ സഹായിക്കും.
പുലർച്ചെ 5.30ന് ക്ഷേത്രകടവിനോട് ചേർന്ന് വാവുബലി ആരംഭിക്കും. ഇതേസമയം തന്നെ നാലമ്പലത്തിനുള്ളിൽ അഗ്‌നികോണിൽ പ്രത്യേകം തയ്യാറാക്കുന്ന വലിയ ഹോമകുണ്ഡത്തിൽ തിലഹവനം നടക്കും. ഇതോടൊപ്പം കുടുംബത്തിലെ എല്ലാ പിതൃക്കൾക്കുംവേണ്ടി കൂട്ടനമസ്‌കാരവും ഒപ്പം ഒറ്റനമസ്‌കാരവുമുണ്ട്.
ബലിയിടുന്നതിന് ഭക്തർക്കാവശ്യമായ പവിത്രക്കെട്ട്, ഇലകൾ, ദർഭപ്പുല്ല്, ബലിച്ചോറ്, എള്ള്, പുഷ്പങ്ങൾ എന്നിവ കേവലം 50 രൂപാ നിരക്കിൽ വിതരണം ചെയ്യുമെന്ന് ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു.
എല്ലാ മാസത്തെയും അമാവാസി നാളിൽ മേൽശാന്തി വൈക്കം സനീഷ് ശാന്തികളുടെ നേതൃത്വത്തിൽ വിപുലമായ ബലിതർപ്പണവും തിലഹവനവും ഇടപ്പാടിയിൽ നടത്തിവരുന്നുണ്ട്.