
കോട്ടയം. എന്തുകൊണ്ട് ടൂറിസ്റ്റ് ബസുകളിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഇങ്ങനെയൊക്കെയുള്ള വണ്ടികളെ ഓട്ടം വിളിക്കൂ.! സ്മോക്കറും അമിത ശബ്ദവും ലേസർ ലൈറ്റുകളും കൃത്രിക തീയും ഒക്കെയുള്ള ടൂറിസ്റ്റ് ബസുകൾക്ക് മാത്രമേ വിനോദ സഞ്ചാരത്തിന് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കൂ. അതിനാൽ ലക്ഷങ്ങൾ മുടക്കി ഇവ ഘടിപ്പിക്കുകയാണ് ഓരോ വാഹന ഉടമയും.
കൊല്ലത്ത് ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച് തീ പിടിച്ചതിനെ തുടർന്ന് ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനകളിൽ ഗ്യാസ് സിലിണ്ടറുകൾ വരെയാണ് കണ്ടെത്തിയത്. ഓട്ടത്തിനിടെ പ്രത്യേകം സജ്ജീകരിച്ച ഇലക്ട്രോണിക് ഉപകരണം വഴിയാണ് പൂത്തിരി കത്തിക്കുന്നത്. ടൂറിസ്റ്റ് ബസുകളുടെ പ്രമോഷൻ വീഡിയോകൾ റീലുകളായി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ കാണാം. ക്യാമ്പ് ഫയറിനിടയിലും യാത്ര അവസാനിക്കുന്ന ഘട്ടത്തിലൊക്കെയാണ് പൂത്തിരി കത്തിക്കുന്നത്.
ലേസറിന്റെ പ്രളയം.
ബസിനുള്ളിൽ ഡാൻസ് ഫ്‌ളോറുകളെ വെല്ലുന്ന വെളിച്ചസംവിധാനങ്ങളാണുള്ളത്. ആദ്യമൊക്കെ ബസിന്റെ ഉൾവശം കാണാനായിരുന്നു ലൈറ്റിംഗ്. പിന്നീട് ഇതൊക്കെ വർണവിളക്കായി മാറി. പിന്നാലെ എൽ.ഇ.ഡി.ലൈറ്റായി. ഏറ്റവും മികച്ച രീതി പാനൽ ഘടിപ്പിച്ചുള്ള ലൈറ്റിംഗാണ് ഇപ്പോഴത്തെ ട്രെൻഡ്. മൾട്ടി ലേസറുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. മുന്നിലെ ചില്ലിൽ വരെ ലൈറ്റുകളുണ്ട്.
വാഹനങ്ങൾ നിർത്തിയിട്ടും വലിയ ആഘോഷമാണ്. ബോഡിയിൽ അറകളുണ്ടാക്കി വലിയ സൗണ്ട് സ്പീക്കറുകൾ ഘടിപ്പിക്കും. മൂന്നുംനാലും ബസുകൾ പാർക്കുചെയ്ത് പുറത്തെ സ്പീക്കറുകൾ ഒന്നിച്ച് ഓൺ ചെയ്ത് പാട്ടും ഡാൻസുമായി ആഘോഷിക്കുന്നു. മൈക്ക് അനുമതി പാേലും ഇല്ലാതെയാണ് ഇത്തരം ആഘോഷങ്ങൾ. പരിശോധിച്ചാലും അറകളിലെ ഈ സ്പീക്കറുകൾ ശ്രദ്ധയിൽപ്പെടില്ല.
പ്രമോഷൻ സമൂഹ മാദ്ധ്യമങ്ങളിൽ.
എല്ലാ ടൂറിസ്റ്റ് ബസുകൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളുണ്ട്. ഈ പേജുകളിൽ സാഹസിക രംഗങ്ങളുടെയും ബസിലെ ലൈറ്റുകളുടെയും ചെറിയ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് യുവജനങ്ങളെ ആകർഷിക്കുകയാണ്. ഇത്തരം വീഡിയോകൾക്ക് വലിയ കൈയടിയാണ് കിട്ടുന്നത്. ഇതിനൊക്കെ വഴിയിൽ പിഴ നൽകേണ്ടി വന്നാൽ അതിനും വിദ്യാർത്ഥികൾ റെഡി.
ലക്ഷങ്ങളുടെ ചെലവ്.
50 ലക്ഷം രൂപയുടെ വാഹനം എക്സ്ട്രാ ഫിറ്റിംഗോടെ നിരത്തിലിറങ്ങുമ്പോൾ 65 ലക്ഷമാകും
കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കൈമൾ പറയുന്നു.
'' ഈ മേഖലയിലെ അനാവശ്യമായ മത്സരം അവസാനിപ്പിക്കേണ്ടതാണ്. മിതമായ രീതിയിൽ ശബ്ദവും വെളിച്ചവും വേണ്ടതാണ്. എന്നാൽ സർക്കാർ ഇതിനൊക്കെ ഒരു മാനദണ്ഡം കൊണ്ടുവരണം. ''