കൊട്ടാരമറ്റത്ത് വൈദ്യുതി ലൈനിലും കേബിളുകളിലും
തട്ടിനിന്ന തണൽമരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി
പാലാ: മരത്തിനിടയിലൂടെ കടന്നുപോയിരുന്ന എ.ബി. കേബിൾ ഇന് നന്നായികാണാം. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഒാട്ടോ സ്റ്റാൻഡിനോട് ചേർന്ന് വൈദ്യുതി ലൈനും കേബിളുകളും മറച്ച് നിന്നിരുന്ന തണൽമരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി. ഇപ്പോൾ കേബിൾ ക്ലിയർ! ഇനിയും കറന്റ് പോകുമോ എന്ന ചോദ്യം ബാക്കി.
കൊട്ടാരമറ്റത്തെ രൂക്ഷമായ വൈദ്യുതി തടസവും ഇവിടെ വൈദ്യുതി പോസ്റ്റുകൾ മൂടി കിടക്കുന്ന മരതലപ്പുകളെക്കുറിച്ചും ഇന്നലെ ''കഴുത്തറപ്പിന് കുറവില്ല, ഇവിടെ കറന്റുമില്ല...'' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വിയുടെ നേതൃത്വത്തിൽ വിഷയം സംബന്ധിച്ച് കെ.എസ്.ഇ.ബി അധികാരിളെ വിളിച്ചുവരുത്തി നടത്തിയ ചർച്ചയെക്കുറിച്ചും വാർത്തയിലുണ്ടായിരുന്നു.
ഒാട്ടോ സ്റ്റാൻഡിലെ മരച്ചില്ലകൾ മുറിക്കാൻ ഒാട്ടോ തൊഴിലാളികൾ സമ്മതിക്കുന്നില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ലൈനിലേക്ക് മുട്ടിനിൽക്കുന്ന മുഴുവൻ ശിഖരങ്ങളും മുറിക്കുന്നതിന് തങ്ങളൊരിക്കലും എതിരല്ലായെന്ന് ഒാട്ടോതൊഴിലാളികളും വാദിച്ചു. എന്തായാലും ഇന്നലെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തി ഇവിടെയുള്ള മരത്തലപ്പുകൾ പൂർണ്ണമായും വെട്ടിനീക്കി.
കേബിളുകളിൽ തീ
മരച്ചില്ലകൾ തട്ടുന്നതുകൊണ്ട് എ.ബി. കേബിളുകളിൽ തീപിടിക്കുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്യുന്നു എന്നായിരുന്നു കെ.എസ്.ഇ.ബി അധികാരികളുടെ വാദം. ടച്ചിംഗ് വെട്ടിയതോടെ കേബിൾ കത്തി ഇനി കറന്റ് പോകില്ലെന്ന് കെ.എസ്.ഇ.ബി അധികൃതരും പറയുന്നു.