
കോട്ടയം: കിളിമാനൂരിൽ വീട്ടിലേയ്ക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സസ്‌പെൻഡ് ചെയ്തു. ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ നിവാസ്, സീനിയർ സി.പി.ഒ ജിബിൻ, ഡ്രൈവർ പി.പി.പ്രശാന്ത് എന്നിവർക്കെതിരെയാണ് നടപടി. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയപ്പോഴാണ് ഇവർ റെയിൽവേ ജീവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ മൂന്ന് പൊലീസുകാരും മൂത്രമൊഴിച്ചു. ഇതേച്ചൊല്ലി വീട്ടുടമയായ രജീഷുമായുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ടെംബോ ട്രാവറിലെത്തിയ ഈ പൊലീസുകാർ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്.