
കോട്ടയം: ഓർത്തഡോക്‌സ് സഭയിലെ ഏഴ് റമ്പാൻമാരെ 28ന് കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ മെത്രാപ്പൊലീത്തമാരായി അഭിഷേകം ചെയ്യുമെന്ന് പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പത്രസമ്മേളനത്തിൽ അറിയിച്ചു.
റമ്പാൻമാരായ എബ്രഹാം തോമസ് (53), പി.സി. തോമസ് (53), ഡോ.ഗീവർഗീസ് ജോഷ്വാ (50), ഗീവർഗീസ് ജോർജ് (49), അഡ്വ.കൊച്ചുപറമ്പിൽ ഗീവർഗീസ് (48), ഡോ.കെ.ഗീവർഗീസ് (48), ചിറത്തിലാട്ട് സഖറിയ (44) എന്നിവരാണ് മെത്രാപ്പൊലീത്താമാരാകുന്നത്. മന്ത്രി വീണ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 12 വർഷത്തിന് ശേഷമാണ് സഭ മെത്രാപ്പൊലീത്താമാരെ വാഴിക്കുന്നത്. ഇതോടെ സഭയിലെ മേൽപ്പട്ടക്കാരുടെ എണ്ണം 31 ആകും.
സഭയുടെ അടുത്ത 5 വർഷത്തേക്കുളള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ആഗസ്റ്റ് 4ന് പത്തനാപുരം മൗണ്ട് താബോർ ദയറാങ്കണത്തിൽ നടക്കും. ഓൺലൈനിൽ രജിസ്ട്രേഷനും ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനവും ക്രമീകരിക്കും. 1410 വൈദികരും 2891 അത്മായരും ഉൾപ്പെടെ 4301 അസോസിയേഷൻ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നും ബാവാ പറഞ്ഞു. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്, പി.ആർ.ഒ ഫാ.മോഹൻ ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.