
കോട്ടയം. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ ആകെ തീർപ്പാക്കിയത് 47,819 ഫയലുകൾ. മേയ് 31ലെ കണക്കു പ്രകാരം വിവിധ വകുപ്പുകളിലായി 90,745 ഫയലുകളാണ് തീർപ്പാക്കാനുണ്ടായിരുന്നത്. ഇന്നലെ വരെ 52.69 ശതമാനം ഫയലുകൾ തീർപ്പാക്കി.
ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി ഞായറാഴ്ചയും ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവനാണ് മേൽനോട്ടം. എന്നാൽ ചില വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ കാര്യക്ഷമമല്ല. ഫയൽ തീർപ്പാക്കുന്നതിനായി കൃഷി വകുപ്പ് ബ്ലോക്കുതല അദാലത്തും ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കുതല അദാലത്തും സംഘടിപ്പിക്കും. കൊവിഡ് കാലത്ത് ഫയലുകൾ തീർപ്പാക്കാൻ ഉണ്ടായ കാലതാമസം മൂലമാണ് ഫയലുകൾ കെട്ടിക്കിടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒക്ടോബർ പത്തിനകം ഓരോ വകുപ്പും പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സമാഹൃത തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം പ്രസിദ്ധീകരിക്കും. മലിനീകരണ നിയന്ത്രണ ബോർഡ് മുഴുവൻ ഫയലുകളും തീർപ്പാക്കി. ടൂറിസം വകുപ്പും മികച്ച പ്രകടനത്തിലാണ്.
തീർപ്പാക്കിയ ഫയലുകൾ ശതമാനത്തിൽ.
ടൂറിസം (92.64).
ജല അതോറിറ്റി (85.82).
പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം (83.33).
ജില്ലാ ഇൻഷുറൻസ് ഓഫീസ് (79.46).
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് (79.24).
ആർ.ടി.ഒ. (70.50).
മൃഗസംരക്ഷണം (67.84).
വിജിലൻസ് (65.71).
ഫിഷറീസ് (61.25).
ഇൻഷുറൻസ് മെഡിക്കൽ സർവീസ് (58.33).
ടൗൺ പ്ലാനിംഗ് (54.91).
പൊലീസ് (54.47).
തദ്ദേശസ്വയംഭരണം (53.10).
ഭക്ഷ്യപൊതുവിതരണം (50.01).
തൊഴിൽ (52.43).
ജി.എസ്.ടി. (50.16).
മന്ത്രി വി.എൻ.വാസവൻ പറയുന്നു.
ഫയലുകൾ തീർപ്പാക്കാനുള്ള നടപടി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 31നകം 75 ശതമാനം ഫയലുകൾ തീർപ്പാക്കുന്നതിന് ഊർജിത നടപടി സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ആഗസ്റ്റ് മൂന്നാംവാരം അവലോകനയോഗം ചേർന്ന് പുരോഗതി വിലയിരുത്തും.