കോട്ടയം : ഇനി ഇവിടെ തകരാൻ ബാക്കിയൊന്നുമില്ല. ആകെയുള്ളത് നിറയെ കുണ്ടും കുഴികളും മാത്രം. മഴ കനത്തതോടെ കുഴിയിൽ വെള്ളം കൂടി കെട്ടിക്കിടന്നതോടെ ഇനി ഏത് വഴി പോകുമെന്ന് യാത്രക്കാർ‌ ചോദിച്ചാൽ ബന്ധപ്പെട്ടവർ കൈമലർത്തും. അത്രയ്ക്ക് ദുരിതമാണ് കോടിമത മുപ്പായിക്കാട് റോഡ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. കോടിമതയിൽ നാലുവരിപ്പാതയേയും സാമാന്തരമായുള്ള മണിപ്പുഴ ഈരയിൽക്കടവ് പുതിയ പാതയേയും മദ്ധ്യഭാഗത്ത് പരസ്പരം ബന്ധിപ്പിക്കുന്ന റോഡാണിത്. കുറുപ്പ് ടവറിന്റെ മുന്നിൽ നിന്നാരംഭിച്ച് മുപ്പായിക്കാട് പാടത്തുകൂടിയുള്ള വളരെ പ്രധാനപ്പെട്ട ലിങ്ക് റോഡ്. എന്നാൽ, റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ഇപ്പോൾ തീർത്തും ദുസ്സഹം. 2011, 12 മുതൽ പുതിയ മണിപ്പുഴ ഈരയിൽകടവ് റോഡ് നിർമ്മിക്കാൻ ടിപ്പർ ലോറികൾ മണ്ണും മെറ്റിലും നിറച്ച് ഓടിയതും, വെള്ളപ്പൊക്കവുമാണ് റോഡ് തകരാൻ ഇടയാക്കിയത്.

നഗരസഭയുടെ 44ാം വാർഡിൽപ്പെടുന്ന ഒരു കിലോമീറ്റർ പോലുമില്ലാത്ത റോഡിന്റെ മദ്ധ്യഭാഗം 500 മീറ്ററോളം 2019 മാർച്ചിൽ മണ്ണിട്ട് ഉയർത്താതെ നഗരസഭ ടാർ ചെയ്തിരുന്നു. എന്നാൽ റോഡിന്റെ കിഴക്കും, പടിഞ്ഞാറുമായി തകർന്നു കിടക്കുന്ന ഭാഗം ഒന്നും ചെയ്തില്ല. നിലവിൽ റോഡ് താഴ്ന്ന് പലഭഗത്തും വെള്ളംകെട്ടി നിൽക്കുന്ന സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളും കാടുമൂടിയതിനാൽ, മാലിന്യ നിക്ഷേപവും തകൃതിയാണ്.

എളുപ്പമാർ‌ഗം, പക്ഷെ

കോട്ടയം ഭാഗത്തുനിന്ന് വേഗത്തിൽ ബൈപ്പാസ് റോഡിലേക്കും മണിപ്പുഴ ഭാഗത്തേയ്ക്കും പ്രവേശിക്കുന്നതിനായി നിരവധിപ്പേരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. വഴി ലൈറ്റുകൾ പലതും തെളിയാത്തതിനാൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യമടക്കം തള്ളുകയാണ്. ദിവസങ്ങൾക്ക് മുൻപ് ഒരു ലോഡ് ചീഞ്ഞ മത്സ്യം റോഡരികിൽ തള്ളിയിരുന്നു. റോഡിൽ തള്ളുന്ന മാലിന്യം നഗരസഭ നീക്കംചെയ്യാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു.

പരാതി കൊടുത്തിട്ടും രക്ഷയില്ല

റോഡിലേക്കുള്ള പ്രവേശനകവാടമായ കോടിമതയിലെ അനധികൃതപാർക്കിംഗ് ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്. വർഷങ്ങളായുള്ള റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാരണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ജനപ്രതിനിധികൾ മുഖംതിരിച്ച് നിൽക്കുകയാണ്.