seeds

കോട്ടയം. പുഞ്ചകൃഷി ആരംഭിക്കാനിരിക്കെ, വിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി നെൽകർഷകർ. ജില്ലയിൽ കർഷകരിൽനിന്നുള്ള വിഹിതം സ്വീകരിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വിത്ത് സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത്. തുടർന്ന് പാടശേഖര സമിതികൾ വഴി സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്.

ആർപ്പൂക്കര, തിരുവാർപ്പ്, അപ്പർ കുട്ടനാടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം ലഭിച്ച വിത്ത് കിളിർക്കാത്ത സ്ഥിതിയുണ്ടായി. പതിരും വരിനെല്ലും നിറഞ്ഞ ഉമ ഇനത്തിൽപ്പെട്ട വിത്തുകളാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു. ഇതേത്തുടർന്ന് മാറ്റി വിതയ്ക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ പക്കൽ നിന്ന് ഉയർന്ന വിലയ്ക്ക് വിത്ത് വാങ്ങുകയായിരുന്നു. ഇത് വിളവിനെ ബാധിക്കുകയും ഇരട്ടി ചെലവുണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ കൃഷിക്കെങ്കിലും ഗുണനിലവാരമുള്ള വിത്തുകൾ ഉറപ്പുവരുത്താൻ കൃഷിവകുപ്പിന് കർശന നിർദ്ദേശം നൽകണമെന്ന ആവശ്യമുയരുന്നത്.

മുൻപ് സംസ്ഥാന വിത്ത് വകുപ്പ്, നാഷണൽ സീഡ് എന്നിവിടങ്ങളിൽനിന്നുള്ള ഗുണനിലവാരമുള്ള വിത്താണ് കർഷകന് ലഭിച്ചിരുന്നത്. എന്നാൽ, നെൽകൃഷി വ്യാപകമായതോടെ വിത്ത് വിതരണരംഗത്ത് സ്വകാര്യ ഏജൻസികൾ വന്നു. പഞ്ചായത്തുകൾ ഇത്തരം സ്വകാര്യ ഏജൻസികളുടെ ഗുണനിലവാരം കുറഞ്ഞ വിത്തുകളാണ് വാങ്ങുന്നത്.

പടിഞ്ഞാറൻ മേഖലകളിലെ പാടശേഖരങ്ങളിൽ നല്ല റോഡില്ലാത്ത ഭാഗങ്ങളിൽ വള്ളത്തിലും ചങ്ങാടത്തിലുമാണ് നെൽവിത്ത്, വളം, മെഷീൻ, ട്രാക്ടർ എന്നിവ എത്തിക്കുന്നത്. റോഡ് മാർഗം എത്തിക്കുന്ന കൂലി കൂടാതെ, വള്ളക്കൂലി, വിതക്കൂലി, കയറ്റിറക്ക് കൂലി എന്നിങ്ങനെ അധിക ചെലവുണ്ടാകുന്നു. കൃഷിനാശമുണ്ടായാൽ അതും കർഷകർക്ക് ഇരട്ടി നഷ്ടം സൃഷ്ടിക്കും.

ഒരു കിലോ

നെൽവിത്തിന്

45 രൂപ.

കേരള പ്രദേശ് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെടുന്നു.

വിത്ത് സംഭരണത്തിൽ കൃഷിവകുപ്പിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഗുണനിലവാരമില്ലാത്ത വിത്ത് കടന്നുകൂടാൻ കാരണം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിത്ത് സംഭരണം നടക്കുന്നത്. കൃഷി വകുപ്പ് പരിശോധിച്ച് നല്ല വിത്താണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കർഷകർക്ക് വിതരണം ചെയ്യാവൂ.