
വൈക്കം. വൈക്കം നഗരസഭയുടെ അദ്ധ്യക്ഷയായി യു.ഡി.എഫിലെ രാധിക ശ്യാം തിരഞ്ഞെടുക്കപ്പെട്ടു.
26 അംഗ നഗരസഭയിൽ യു.ഡി.എഫ് 11, എൽ.ഡി.ഫ്. ഒൻപത്, ബി.ജെ.പി. നാല്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിലെ രാധിക ശ്യാം, എൽ.ഡി.എഫിലെ സുശീല എം.നായർ, ബി.ജെ.പി.യിലെ ഒ.മോഹനകുമാരി എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യഘട്ട വോട്ടെടുപ്പിൽ 25 പേർ വോട്ട് ചെയ്തപ്പോൾ രാധിക ശ്യാം 11, സുശീല എം.നായർ 10, ഒ.മോഹനകുമാരി 4 എന്നിങ്ങനെ വോട്ടുകൾ നേടി. ഇതിൽ സ്വതന്ത്രനായ എൻ.അയ്യപ്പൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. മറ്റൊരു സ്വതന്ത്ര എ.സി. മണിയമ്മ എൽ.ഡി.എഫിന് വോട്ട് ചെയ്തു.
രണ്ടാം ഘട്ടത്തിൽ കുറവ് വോട്ട് നേടിയ ഒ.മോഹനകുമാരിയെ ഒഴിവാക്കി. 21 പേരാണ് വോട്ട് ചെയ്തത്. രാധിക ശ്യാമിന് 11 വോട്ടും സുശീല എം.നായർക്ക് 10 വോട്ടും ലഭിച്ചു. ബി.ജെ.പിയും എൻ.അയ്യപ്പനും വോട്ട് ചെയിതില്ല. കൂടുതൽ വോട്ട് നേടിയ രാധിക ശ്യാമിനെ വിജയിയായി പ്രഖ്യാപിച്ചു. ഉപവരണാധികാരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആശ ദേവദാസ് സത്യവാചകം ചൊല്ലി കൊടുത്തു. 17ാം വാർഡിൽ നിന്നാണ് കോൺഗ്രസിലെ രാധിക ശ്യാം തിരഞ്ഞെടുക്കപ്പെട്ടത്.
അനുമോദനയോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, രേണുക രതീഷ്, എസ്. ഇന്ദിരാദേവി, എസ്.ഹരിദാസൻ നായർ, ആർ.സന്തോഷ്, എബ്രാഹം പഴയകടവൻ, എം.കെ. മഹേഷ്, കെ.പി. സതീശൻ, സിന്ധു സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ അസി.ഡയറക്ടറായി വിരമിച്ച ശ്യാം നാഥാണ് രാധിക ശ്യാമിന്റെ ഭർത്താവ്. ഫെഡറൽ ബാങ്കിൽ മാനേജരായ വിഷ്ണു എസ്.നാഥ്, ജർമനിയിൽ എൻജിനീയറായ ജിഷ്ണു എസ്.നാഥ്, എം.എ വിദ്യാർത്ഥിനി പാർവതി എന്നിവരാണ് മക്കൾ.