kurumulaku

കോട്ടയം. കുരുമുളകിൽ മായമേറുന്നു. പഞ്ഞിയുടെയും പപ്പായയുടെയും കുരു ശേഖരിച്ച് ഉണക്കിയാണ് കുരുമുളകിനൊപ്പം ചേർക്കുന്നത്. നിയന്ത്രണമില്ലാത്ത ഇറക്കുമതിയും വിലയിടിവും മൂലം നടുവൊടിഞ്ഞ കർഷകരെ ഇത് കൂടുതൽ ആശങ്കയിലാഴ്ത്തുന്നു.

മായം ചേർക്കലിലും കള്ളക്കടത്തിലും ഉത്തരേന്ത്യൻ ലോബികളാണ് സജീവം. കുരുമുളകിൽ കലർത്തി വിൽക്കുന്നതിന് വൻതോതിൽ ശേഖരിച്ച പഞ്ഞി, പപ്പായ കുരു പല സ്ഥലങ്ങളിൽ നിന്നും പിടിച്ചെടുത്തതോടെയാണ് പിന്നിലുള്ളത് ഉത്തരേന്ത്യൻ ലോബിയാണെന്ന് തെളിഞ്ഞത്.

മായം കലർന്ന കുരുമുളകിനോട് വ്യവസായികൾ മുഖം തിരിച്ചത് കേരളത്തിൽ നിന്നുള്ള ഗുണമേന്മയുള്ള കുരുമുളക് കയറ്റുമതിയെ ബാധിച്ചു.

കൊച്ചിയിൽ കയറ്റുമതിക്കായി സൂക്ഷിച്ച 300 കോടിയുടെ മായം ചേർത്ത കുരുമുളക് സമീപ കാലത്ത് പിടിച്ചെടുത്തിരുന്നു. അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്ന് വിലയും ഗുണനിലവാരവും കുറഞ്ഞ കുരുമുളക് വൻ തോതിൽ അതിർത്തി കടന്നെത്തുന്നുണ്ട് . ഇവയിൽ മായവും ചേർത്തുള്ള വിൽപ്പനയും കയറ്റുമതിയുമാണ് രുചിയും മണവും കൂടുതലുള്ള കേരളത്തിലെ കറുത്ത പൊന്നിനെ ദോഷകരമായി ബാധിക്കുന്നത്.

വ്യാപാരികളും കർഷക സംഘടനകളും നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും ഉത്തരേന്ത്യൻ ലോബിക്കെതിരെ നടപടിയെടുക്കുന്നില്ല. മായം കണ്ടെത്താനുള്ള ചുമതല കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിക്ക് കൈമാറി കേന്ദ്ര സർക്കാർ തല ഊരി.

പിടികൂടിയത്

300 കോടിയുടെ മായം

ചേർത്ത കുരുമുളക്.

കുരുമുളകു കർഷകനായ കിടങ്ങൂർ കുമാരൻ പറയുന്നു.

ഉത്തരേന്ത്യയിൽ ഉത്സവസീസൺ അടുത്തതും കേരളത്തിൽ ഓഫ് സീസണും ആയതോടെ കുരുമുളക് വില ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്ക് ചെയ്തത്. കുരുമുളക് ഉദ്പാദനത്തിൽ മുന്നിലുള്ള ശ്രീലങ്കയിലെ ആഭ്യന്തര കലാപവും ഡോളർ വിനിമയനിരക്ക് ഉയർന്നു നിൽക്കുന്നതും മൂലം ഇറക്കുമതി കുറയുകയും വില കുതിച്ചുയരുകയും ചെയ്യേണ്ടതാണ്. എന്നാൽ മായം കലർന്ന കുരുമുളകും കള്ളക്കടത്ത് കുരുമുളകും വിപണിയിൽ കൂടുതൽ എത്തിയാൽ ഓഫ് സീസൺ പ്രയോജനം കർഷകർക്ക് ലഭിക്കാതെ പോകും.