ഏറ്റുമാനൂർ : ഭവനങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിറ്റിക് മാലിന്യം താത്ക്കാലികമായി സൂക്ഷിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫുകൾ നിറഞ്ഞ് കവിഞ്ഞതോടെ മൂക്കുപൊത്തി ജനം.
യഥാസമയം മാലിന്യം നീക്കം ചെയ്യാതെ വന്നതോടെ പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കു കെട്ടുകൾ മിനി എം.സി.എഫിന്റെ ചുറ്റുവട്ടത്തും വഴിവക്കിലും തള്ളിയിരിക്കുകയാണ്. നഗരസഭയുടെ ഗ്യാസ് ക്രിമിറ്റോറിയത്തിലും, ശൗചാലയത്തിലും, മത്സ്യ മാർക്കറ്റിന് മുകളിലുമൊക്കെയായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ശേഖരിച്ച് വച്ചിരിക്കുന്നത്. ഇനിയും ശേഖരിക്കാൻ സ്ഥലമില്ല.
ശേഖരിച്ച് തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യം സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. യഥാസമയം പ്ലാസ്റ്റിക്ക് തരംതിരിക്കാതിരിക്കുന്നതിനാൽ ക്ലീൻ കേരള കമ്പനി ഏറ്റുമാനൂരിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് നിറുത്തി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ടങ്കിലും സാധനങ്ങൾ പായ്ക്ക് ചെയ്തു വരുന്ന പ്ലാസ്റ്റിക്ക് കവറുകൾ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലം കുമിഞ്ഞുകൂടുകയാണ്.
നോക്കുകുത്തിയായി പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ്
തരം തിരിച്ച പാസ്റ്റിക്ക് മാലിന്യം അമർത്തി ഒതുക്കി വലിപ്പം കുറഞ്ഞ കെട്ടുകളാക്കാൻ നഗരസഭ വിഭാവന ചെയ്ത പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനത്തിന് ശേഷം പ്രവർത്തിപ്പിച്ചിട്ടല്ല. യൂണിറ്റ് പ്രവർത്തന സജ്ജമാക്കിയാൽ വലിയ അളവ് പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ കുറഞ്ഞ അളവിലുള്ള സ്ഥലം മതിയാകും.
ക്ലീൻ കേരള കമ്പനി മാലിന്യമെടുക്കാൻ തയ്യാറാകാത്തതിനാൽ മറ്റ് ഏജൻസികളെ സമീപിക്കും. പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
ബീനാ ഷാജി (ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ)