unni-renu-

കോട്ടയം. 'പ്രതിസന്ധികളിൽ നിന്ന് ഉയർന്നു ചാടുകയായിരുന്നു അവൻ. ഇത് ഇച്ഛാശക്തിയുടെ വിജയമാണ്' രേണുവിന്റെ വാക്കുകളിൽ മകനോടുള്ള സ്‌നേഹവും അഭിമാനവും തുടിച്ചുനിൽക്കുന്നു. മെക്‌സിക്കോയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്‌സിൽ ഹൈജംപിൽ സ്വർണം നേടിയ പനമ്പാലം അങ്ങാടിപ്പള്ളി സ്വദേശി ഉണ്ണി രേണു (28) ഇന്ന് നാടിന്റെ അഭിമാനമാണ്. മൽസരത്തിൽ പങ്കെടുത്ത ഏക മലയാളി സൈനികനുമാണ് ഉണ്ണി,

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം 27 വർഷമായി തട്ടുകട നടത്തുകയാണ് രേണുവും ഭാര്യ ഉഷയും. തട്ടുകടയിൽ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് ഉണ്ണിയെയും സഹോദരൻ ശംഭുവിനെയും പഠിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിലും മകന്റെ കായിക താത്പര്യങ്ങൾക്ക് രേണു പൂർണ്ണ പിന്തുണയേകി. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദപഠനകാലത്ത് മിലിട്ടറി ഓഫീസേഴ്‌സ് നടത്തിയ മത്സരങ്ങളിൽ വിജയിച്ചത് സൈനികനാകാനുള്ള പ്രചോദനമായി. 2014ൽ സ്‌പോർട്‌സ് ക്വോട്ടയിൽ കരസേനയിൽ ചേർന്നു. എന്നാൽ 2019 സെപ്തംബറിൽ അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ കൈപ്പുഴയിൽ ഉണ്ടായ അപകടത്തിൽ വലതുകാലിന് സാരമായ പരിക്കേറ്റു. പുനെ മിലിട്ടറി മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയെങ്കിലും കാലിന് നീളക്കുറവും 50 ശതമാനം ബലക്കുറവും ശേഷിച്ചു. ഉണ്ണിയുടെ അപകടവാർത്തയറിഞ്ഞ് മുത്തച്ഛൻ മരിച്ചത് മറ്റൊരു വേദനയായി.
ഇതോടെ പ്രതിസന്ധിയിലായെങ്കിലും മനോധൈര്യം വീണ്ടെടുത്ത് ഇടത് കാലുകുത്തി പരിശീലനം തുടർന്നു. ഏപ്രിലിൽ ഭുവനേശ്വറിൽ നടന്ന നാഷണൽ പാരാ അത്‌ലറ്റിക്‌സിൽ ഹൈജംപിൽ സ്വർണം നേടിയതോടെ മെക്‌സിക്കോയിലേക്കുള്ള യാത്രയ്ക്ക് അവസരമൊരുങ്ങി. വായ്പയെടുത്താണ് അത്‌ലറ്റിക്‌സിൽ പങ്കെടുക്കാൻ പോയത്. മകന്റെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് രേണു പറഞ്ഞു. ഉണ്ണിയും കായികതാരമായ ഭാര്യ അശ്വതിയും ഇപ്പോൾ പുനെയിലാണ് താമസം.