
കോട്ടയം. നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരെയും എസ്.എച്ച്.ഒമാരെയും ഉൾപ്പെടുത്തി സ്‌പെഷ്യൽ ഡ്രൈവ് നടന്നു. 380 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 44 പേരെ അറസ്റ്റ് ചെയ്തു. 317 ഓളം ഹാൻസ് പായ്ക്കറ്റുകളും 106 പാൻ മസാല പായ്ക്കറ്റുകളും പിടികൂടി. വാഹനങ്ങളിലെത്തി വിദ്യാർത്ഥികൾക്ക് ലഹരി ഉദ്പന്നങ്ങൾ വിൽക്കുന്നവരെ നിരീക്ഷിക്കുന്നതിനും സ്‌കൂൾ, കോളേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന കടകളിൽ ലഹരി വിൽപന നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും പ്രത്യേകം മഫ്തിയിൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.