പൊൻകുന്നം. പുതിയകാവ് ദേവീക്ഷേത്രത്തിലെ പകലരങ്ങിൽ ദുര്യോധനവധം കഥകളി അരങ്ങേറി. പുതിയകാവിലെ നാട്യമണ്ഡലം കഥകളി വിദ്യാലയം സംഘടിപ്പിച്ച അരങ്ങിൽ കലാമണ്ഡലം ഭാഗ്യനാഥിന്റെ ശിക്ഷണത്തിൽ ഇവിടെ കഥകളി അഭ്യസിച്ച 5കുട്ടികളും വേഷമിട്ടു. കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം അഖിൽ, വി.ആദിത്യ, കലാരംഗം കണ്ണൻ, ഗൗരി എസ്.നായർ, വിഷ്ണു മുരളീധരൻ, അരുന്ധതി എം.നായർ, കലാരംഗം ശ്യാംകുമാർ, അഭിനവ് അശോക്, എച്ച്.ഗൗരിനന്ദ, വിനായകൻ രാജീവ് എന്നിവർ വേഷമിട്ടു.

കലാമണ്ഡല പ്രതിഭകളായ അജേഷ് പ്രഭാകർ, വിഷ്ണു, യശ്വന്ത് എന്നിവരായിരുന്നു പാട്ട്. കലാമണ്ഡലം ശ്രീഹരി, ശ്രീവിൻ എന്നിവർ ചെണ്ട, കലാനിലയം ഓമനക്കുട്ടൻ, കലാമണ്ഡലം അജയ് എന്നിവർ മദ്ദളം, കലാനിലയം സജി, ഏരൂർ നോജ് എന്നിവർ ചുട്ടി എന്നിവ കൈകാര്യം ചെയ്തു. കഥകളി നടൻ ഇളങ്ങുളം ശശി കളിവിളക്ക് തെളിച്ചു. പുതിയകാവ് നാട്യമണ്ഡലം രക്ഷാധികാരി അഡ്വ.എം.എസ് മോഹൻ നാട്യമണ്ഡല വിദ്യാർഥികളെ അനുമോദിച്ചു. വിദ്യാലയ ഡയറക്ടർ മീനടം ഉണ്ണികൃഷ്ണൻ നമ്പൂതിരി കളിയരങ്ങിന് നേതൃത്വം നൽകി.