വലിയ ഗർത്തം രൂപപ്പെട്ടു, അപകടാവസ്ഥയിൽ
കൊടുങ്ങൂർ: ഇളമ്പള്ളികവല-പള്ളിക്കത്തോട് റോഡിലെ പുലിയാമറ്റം പാലം അപകടാവസ്ഥയിൽ. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉയരം കുറഞ്ഞ പാലത്തിന്റെ മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടാണ് അപകടാവസ്ഥയിലായത്. പാലത്തിന്റെ അടിത്തട്ട് ദ്രവിച്ച് അടർന്നുവീഴുന്ന അവസ്ഥയിലാണ്. കൈവരികൾക്കും ബലക്ഷയമുണ്ട്. ഇത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകളുടെ അതിർത്തി കൂടിയാണ് പുലിയാമറ്റം പാലം. പുതിയപാലം നിർമ്മിക്കമമെന്നാവശ്യപ്പെട്ട് ഇരുപഞ്ചായത്തുകളിലും നാട്ടുകർ നിവേദനം സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ റോഡിൽ തന്നെയുള്ള കൈപ്പയ്ക്കൽ പാലവും അപകടാവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
വേണം അടിയന്തിര നടപടി
അമിതഭാരം കയറ്റിയുള്ള ടിപ്പർ, ടോറസ് ലോറികളുടെ സഞ്ചാരം മൂലം പാലങ്ങൾ അപകടാവസ്ഥയിലായതെന്നാണ് നാട്ടുകാരുടെ പരാതി. സ്കൂൾ ബസുകൾ ഉൾപ്പെടെ ദിവസവും നിരവധി വാഹനങ്ങൾ പാലങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഈ സാഹചര്യത്തിൽ പാലങ്ങൾ പുനർനിർമ്മിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ചിത്രവിവരണം
പുലിയാമറ്റം പാലത്തിന്റെ നടുഭാഗത്ത് ഗർത്തം രൂപപ്പെട്ട നിലയിൽ