തലയോലപ്പറമ്പ് : വൈക്കം തലയോലപ്പറമ്പ് റോഡിൽ കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീണു.സംഭവ സമയത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പരുത്തി, വാക എന്നീ മരങ്ങളുടെ ശിഖരങ്ങൾ പ്രധാന റോഡിലേക്കും സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുകളിലേക്കും ഒടിഞ്ഞ് വീഴുകയായിരുന്നു. ഇടവട്ടം വിനോദ് ഭവനിൽ ഈ. വി പ്രദീപിന്റെ ഉടമസ്ഥതയിലുള്ള നളിൻസ് എന്ന ടൈലറിംഗ് സ്ഥാപനത്തിന്റെ ഷീറ്റ്, ലൈറ്റിംഗ് ബോർഡ് എന്നിവ പൂർണമായി തകർന്നു. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ശിഖരങ്ങൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. വൈക്കം തലയോലപ്പറമ്പ് റോഡിൽ ഒരു മണിക്കൂറിലധികം വാഹന ഗതാഗതം തടസപ്പെട്ടു.