പാലാ: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ കർക്കടക വാവുബലി നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രയോഗം പ്രസിഡന്റ് എം.എൻ ഷാജി മുകളേൽ, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ എന്നിവർ അറിയിച്ചു.
മഴനനയാതെ ഒരേ സമയം 600 പേർക്ക് ബലിതർപ്പണത്തിനുള്ള പന്തൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രക്കടവുകൾ ശുചീകരിച്ചു. പുലർച്ചെ മുതൽ വാവുബലി നടക്കുന്നതിനാൽ ഇവിടെ വൈദ്യുതി വെളിച്ചവും തയാറാക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ഭരണസമിതിക്ക് പുറമെ 50 വോളണ്ടിയർമാരുടെ സേവനവും ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന പിതൃതർപ്പണ ചടങ്ങുകളുടെ മുന്നൊരുക്കത്തിനായുള്ള അവലോകന യോഗത്തിൽ തീരുമാനമായി.
ഇടപ്പാടി ക്ഷേത്രത്തിൽ എല്ലാ വർഷവും അയ്യായിരത്തിൽപ്പരം ആളുകളാണ് പിതൃപൂജയ്ക്ക് എത്തുന്നത്. വിധിപ്രകാരം തയാറാക്കിയ ബലിച്ചോറാണ് കർക്കടക വാബുവലിക്ക് ഇവിടെ ഉയോഗിക്കുന്നത്. മേൽശാന്തി വൈക്കം സനീഷ് ശാന്തികളുടെ മുഖ്യകാർമ്മികത്വം വഹിക്കും.
പുലർച്ചെ 5.30 ന് ക്ഷേത്രകടവിനോട് ചേർന്ന് വാവുബലി ആരംഭിക്കും. ഇതേ സമയം തന്നെ നാലമ്പലത്തിനുള്ളിൽ അഗ്‌നികോണിൽ ത്രേ്യകം തയ്യാറാക്കുന്ന വലിയ ഹോമകുണ്ഡത്തിൽ തിലഹവനം നടക്കും. ഇതോടൊപ്പം കുടുംബത്തിലെ എല്ലാ പിതൃക്കൾക്കുംവേണ്ടി കൂട്ടനമസ്‌കാരവും ഒപ്പം ഒറ്റനമസ്‌കാരവുമുണ്ട്.
ബലിയിടുന്നതിന് ഭക്തർക്കാവശ്യമായ പവിത്രക്കെട്ട്, ഇലകൾ, ദർഭപ്പുല്ല്, ബലിച്ചോറ്, എള്ള്, പുഷ്പങ്ങൾ എന്നിവ കേവലം 50 രൂപാ നിരക്കിൽ വിതരണം ചെയ്യാനും വാവുബലി അവലോകന യോഗത്തിൽ തീരുമാനമായി. ദേവസ്വം പ്രസിഡന്റ് എം.എൻ ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ നടപടിക്രമങ്ങൾ വിശദീകരിച്ചു. ഭരണസമിതി അംഗങ്ങളായ സതീഷ്മണി കല്യാ, എൻ.കെ. ലവൻ, പി.എസ്. ശാരംഗ്ധരൻ, കണ്ണൻ ഇടപ്പാടി തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
ഇടപ്പാടി ക്ഷേത്രത്തിലെ കർക്കടക വാവുബലി മുന്നൊരുക്ക യോഗത്തിൽ ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ കാര്യങ്ങൾ വിശദീകരിക്കുന്നു. എം.എൻ. ഷാജി മുകളേൽ, സതീഷ്മണി കല്യാ, എൻ.കെ.ലവൻ, പി.എസ്. ശാരംഗ്ധരൻ, കണ്ണൻ ഇടപ്പാടി എന്നിവർ സമീപം.