കോട്ടയം: ഒറ്റ മഴയേ വേണ്ടി വന്നുള്ളൂ... ദേ റോഡ് പഴയപടിയായി. റോഡിന് നടുവിൽ വീണ്ടും വാരിക്കുഴി. കളക്ട്രേറ്റിന് സമീപം സിഗ്‌നലുള്ള ഭാഗത്തെ റോഡിലാണ് വീണ്ടും കുഴി രൂപപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ടാർ ചെയ്ത് അടച്ച ഭാഗത്താണ് വീണ്ടും കുഴി രൂപപ്പെട്ടത്. ഇരുചക്രവാഹന യാത്രക്കാർക്കാണ് കുഴി വലിയ ഭീഷണി സൃഷ്ടിക്കുന്നത്. ലോഗോസ് ജംഗ്ഷൻ, ബസേലിയസ് കോളേജ്, കഞ്ഞിക്കുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ സംഗമിക്കുന്ന ജംഗ്ഷനായതിനാൽ ഇവിടെ വാഹനത്തിരക്കും ഏറെയാണ്. ഈ സാഹചര്യത്തിൽ അപകടസാധ്യതയും വർദ്ധിക്കും. മുൻപും ഇവിടെ ടാർ ഇളകി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ടാർ പൂർണമായും ഇളകിയതോടെ മെറ്റൽ റോഡിൽ നിരന്ന നിലയിലാണ്.
വെള്ളക്കെട്ട്, പിന്നെ..!
ഒരു മഴ പെയ്താൽ മതി. പിന്നെ കുഴിയിൽ വെള്ളം നിറയും. നിരവധി വാഹനങ്ങളാണ് കെണിയറിയാതെ കുഴിയിൽ ചാടുന്നത്. അശാസ്ത്രീയമായ ടാറിങ്ങാണ് റോഡ് വീണ്ടും തകരാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.