peppatty

പാലാ. വൈക്കത്തിനു പിന്നാലെ തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം നാലമ്പലത്തിനു സമീപവും പേപ്പട്ടിയുടെ വിളയാട്ടം. ലോട്ടറി വില്‍പ്പനക്കാരനായ കൂടപ്പുലം ചിറയില്‍ എസ്തപ്പാന്‍ (72), രാമപുരം വളക്കാട്ടുകുന്ന് കുഴിയിലാനിക്കല്‍ ആഗസ്തി (58) എന്നിവര്‍ക്കാണ് കടിയേറ്റത്. എസ്തപ്പാനെ അടപടലം കടിച്ചു. 25 മുറിവുകളാണ് ഇദ്ദേഹത്തിന്റെ ദേഹത്തുള്ളത്. കാന്‍സര്‍ രോഗികൂടിയായ എസ്തപ്പാന്‍ പുലർച്ചെ ടൗണിലെത്തിയപ്പോൾ പേപ്പട്ടി ഒാടിവന്ന് കടിക്കുകയായിരുന്നു. കടിയേറ്റ് വീണതോടെ തലങ്ങും വിലങ്ങും കടിച്ചുപറിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് എത്തിയാണ് എസ്തപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്തി പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊണ്ടാട് റൂട്ടിലേക്ക് പാഞ്ഞ പേപ്പട്ടിയെ എസ്.ഐ.അരുണ്‍കുമാര്‍, പൊലീസുകാരായ പ്രശാന്ത്, രാജേഷ്, വിനോദ് എന്നിവരും നാട്ടുകാരും പിന്തുടർന്നു. രണ്ട് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവില്‍ പേപ്പട്ടിയെ കണ്ടെത്തി തല്ലിക്കൊല്ലുകയായിരുന്നു. രാമപുരം നാലമ്പല ദര്‍ശനത്തിനായി നൂറുകണക്കിന് ഭക്തര്‍ എത്തിക്കൊണ്ടിരിക്കെയാണ് പേപ്പട്ടിയുടെ വിളയാട്ടം.

രാമപുരം ടൗണിലും പരിസരപ്രദേശങ്ങളിലും തെരവുനായ്ക്കള്‍ പെരുകുകയാണെന്ന് കാലങ്ങളായി ആക്ഷേപമുള്ളതാണ്. കൂട്ടമായാണിവ സഞ്ചരിക്കുന്നത്. ടൗണിന്റെ കേന്ദ്രഭാഗത്തുതന്നെ രാത്രിയും പുലര്‍ച്ചെയുമൊക്കെ നിരവധി തെരുവുനായ്ക്കളെ കാണാം. ഇതിനു മുമ്പും തെരുവുനായ്ക്കള്‍ പലരേയും കടിച്ചിട്ടുണ്ട്. നാലമ്പല ദര്‍ശനത്തിന് വരുംദിവസങ്ങളില്‍ കൂടതല്‍ ഭക്തര്‍ എത്തും. തെരുവുനായ്ക്കളെ എത്രയുംവേഗം തുരത്തി ഭക്തര്‍ക്ക് സുഗമമായ സഞ്ചാരം ഒരുക്കണമെന്ന് രാമപുരത്തെ വ്യാപാരികളും വിവിധ സംഘടന പ്രതിനിധികളും ആവശ്യപ്പെട്ടു.